എഡിറ്റര്‍
എഡിറ്റര്‍
മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.എം ലോറന്‍സിനെ പുറത്താക്കി
എഡിറ്റര്‍
Monday 13th May 2013 7:54pm

m.m lorence

തിരുവനന്തപുരം: മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും, സംസ്ഥാന സിമിതി അംഗവുമായ എം.എം ലോറന്‍സിനെ  നീക്കം ചെയ്തു.

Ads By Google

പ്രായാധിക്യം മൂലമാണ് ലോറന്‍സിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം.പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം പ്രമുഖ പത്രത്തിന് അഭിമുഖം നല്‍കിയതിന് നേരത്തെ ലോറന്‍സിനെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു.

മത്സ്യത്തൊഴിലാളി ഫെഡറേഷനില്‍ മത്സ്യത്തൊഴിലാളികളുടെ അംഗത്വം കൂടുന്നില്ലെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനവും
ഉയര്‍ന്നിരുന്നു.

മത്സ്യത്തൊഴിലാളികളില്‍ നിന്ന് കേഡര്‍മാരെ സൃഷ്ടിക്കുവാന്‍ യൂണിയന് കഴിയുന്നില്ല. മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍, മത്സ്യത്തൊഴിലാളി സംഘടനയുടെ നേതാക്കളായി കടന്നുവരികയാണ്. അതുകൊണ്ട് തൊഴിലാളികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കാനോ അവര്‍ക്ക് കഴിയുന്നില്ലന്നായിരുന്നു വിമര്‍ശം.

സി.പി.ഐ.എം. രാഷ്ട്രീയത്തില്‍ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കന്മാരിലൊരാളാണ് എം.എം.ലോറന്‍സ്. 1991ല്‍ സി.ഐ.ടി.യു.വിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ എം.എം.ലോറന്‍സ് സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറിയായിതിന് ശേഷം പാര്‍ട്ടിയുടെ വിഭാഗീയതയില്‍ പിണറായിക്കൊപ്പം നിന്നു. അടുത്തകാലത്തായി കടുത്ത വി.എസ്. വിമര്‍ശകനുമായി.

മൂന്ന് ദിവസങ്ങളിലായി നടന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ നിഷ്‌ക്രിയമാണെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. വടക്കന്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനം ശക്തമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ സമ്മേളനത്തിലോ, ഫെഡറേഷന്‍ സംസ്ഥാന ഘടകമോ തീരുമാനമെടുത്തിട്ടില്ലെന്നാണറിയുന്നത്.

Advertisement