കോഴിക്കോട്: സൂര്യനെല്ലി കേസില്‍ കഴിഞ്ഞ വി.എസ് സര്‍ക്കാര്‍ എന്ത്‌കൊണ്ട് നടപടിയെടുത്തില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചോദ്യം ന്യായമാണെന്ന് എം.എം ലോറന്‍സ്. പി.ജെ കുര്യന്‍ ഇ.കെ നായനാരോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കാം.

Ads By Google

അതു കൊണ്ടായിരിക്കാം ആശ്രിതവത്സലനായ നായനാര്‍ പി.ജെ കുര്യന്‍ കാലില്‍ ചെന്ന് വീണപ്പോള്‍ കേസില്‍ നിന്നും ഒഴിവാക്കി കൊടുത്തത്. അഞ്ച് വര്‍ഷം അവസരം കിട്ടിയിട്ടും ഇത്രയും പ്രധാനമായ കേസില്‍ നടപടിയെടുക്കാനോ പുനരന്വേഷിക്കാനോ വി.എസ് എന്തുകൊണ്ടാണ്  തയ്യാറാകാത്തതെന്നും  എം.എം ലോറന്‍സ് ചോദിച്ചു.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് സൂര്യനെല്ലികേസില്‍ വീഴ്ച വന്നിട്ടുണ്ട്. നായനാര്‍ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണെന്ന വാദം എനിക്കില്ല.

വരുന്ന ലോകസഭ തിരെഞ്ഞടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാകളിയും വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ എടുക്കുന്നുണ്ട്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപണ വിധേയനായ ലാവ്‌ലിന്‍ കേസില്‍ വി.എസിന് മറു അഭിപ്രായമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ പറയണം.

നിന്നേ കൊല്ലും, ഞാനും ചാവും എന്ന വി.എസിന്റെ നിലപാട ശരിയല്ല. വി.എസ് അച്ചടക്കലംഘനം കാട്ടിയിട്ടും നടപടി വൈകുന്നത് സംഘടനയുടെ ദൗര്‍ബല്യമാണ്. ഇത് കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും എം.എം ലോറന്‍സ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസിനെതിരെ  എം.എം ലോറന്‍സ് ആഞ്ഞടിച്ചത്.