തിരുവനന്തപുരം: നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ സഭ മര്യാദക്ക് നടത്തികൊണ്ട് പോകാനനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന സഭയോടുള്ള വെല്ലുവിളിയാണെന്ന് എം.എം. ഹസന്‍.

വി.എസിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയാണ്. നിയമസഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. സ്പീക്കറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ സഭയില്‍ പ്രധാന സ്ഥാനം വഹിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ്. വി.എസിന്റെ പ്രസ്താവന അധികാര കയ്യേറ്റധ്വനിയുള്ളതാണ്. അതിനാല്‍ വി.എസിനെതിരേ നടപടി വേണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സഭയില്‍ അച്ചടക്ക ലംഘനം നടത്തിയ എംഎല്‍എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹസന്‍ പറഞ്ഞു.

Subscribe Us:

വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്വം പ്രതിപക്ഷ എം.എല്‍.എമാരുടെ മേല്‍ ചുമത്തി, ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ നിയമസഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ശനിയാഴ്ച തിരുവന്തപുരത്ത് ‘ചിന്ത’ പബ്ലിഷേഴ്‌സ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച സംസാരിക്കവേയാണ് വി.എസ് ഇങ്ങിനെ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം.എ.ഹസന്‍.