കണ്ണൂര്‍: കണ്ണൂര്‍ ലോബിയുടെ കൈയില്‍നിന്നു സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ മോചിപ്പിച്ചാലേ ആ പാര്‍ട്ടി രക്ഷപ്പെടുകയുള്ളൂവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍. നവലിബറല്‍ ആശയത്തില്‍നിന്നും ഫ്യൂഡല്‍-സ്റ്റാലിനിസ്റ്റ് രീതിയില്‍നിന്നും പാര്‍ട്ടി മാറണമെങ്കില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ നേതൃത്വത്തില്‍ നിന്നൊഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു കൊലപാതക കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് എം.എം മണിയുടെ ഗതിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.എം മണിയ്‌ക്കെതിരെ സംസ്ഥാനനേതൃത്വം നടപടിയെടുത്തില്ല. അതിന് കേന്ദ്രകമ്മിറ്റി വേണ്ടി വന്നു. ഇതേ അവസ്ഥ തന്നെ ജയരാജനും ഉണ്ടാകും.

ടി.പി വധക്കേസില്‍ പോലീസ് തിരയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റ അംഗം പി.കെ കുഞ്ഞനന്തന്‍ കണ്ണുരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കാനാണ് സാധ്യത. ഇവിടെയൊന്നും പോലീസും നിയമവാഴ്ചയും ഇല്ലാത്തതാണ് ഇത്തരക്കാര്‍ക്കുള്ള ഒളിത്താവളം ഒരുക്കുന്നത്.

ടി.പി വധക്കേസിലെ പോലീസിന്റെ അന്വേഷണം മികച്ചതായിരുന്നു. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നിട്ടേ അന്വേഷണം അവസാനിപ്പിക്കാവൂ

നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ് ഒ. രാജഗോപാലിനു വോട്ട് വര്‍ധിക്കാന്‍ കാരണമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.