പാലക്കാട്: നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മാത്രമല്ല പരാതിക്കാരനെന്ന് യു.ഡി.എഫ് ഉപസമിതി അധ്യക്ഷന്‍ എം.എം.ഹസന്‍. നെല്ലിയാമ്പതി സന്ദര്‍ശനത്തിന്
മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കര്‍ഷകരുടേത് ഉള്‍പ്പെടെയുള്ള പരാതികള്‍ യു.ഡി.എഫ് സമിതി പരിശോധിക്കും. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് മേഖലകള്‍ മുന്‍വിധിയോടെയായിരിക്കില്ല യു.ഡി.എഫ് ഉപസമിതി സന്ദര്‍ശിക്കുകയെന്നും ഹസന്‍ പറഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഒരു മുന്നണിയുടെ ഉപസമിതി സന്ദര്‍ശനം നടത്തുന്നത് ഇതിനെ അട്ടിമറിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസന്റെ പ്രതികരണം.

ഒരു ജനകീയ പ്രശ്‌നമെന്ന നിലയിലാണ് സമിതി ഇക്കാര്യം പരിഗണിക്കുന്നതെന്നും കൃഷിക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ഹസന്‍ പറഞ്ഞു. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഒരു മാര്‍ഗനിര്‍ദേശരേഖ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.സി ജോര്‍ജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.ആര്‍ അരവിന്ദാക്ഷന്‍, ജോണി നെല്ലൂര്‍, വേണുഗോപാലന്‍ നായര്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്. വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ചെറുനെല്ലി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെച്ചൊല്ലി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും വനംമന്ത്രി കെ.ബി ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം പഠിക്കാന്‍ യു.ഡി.എഫ് സമിതിയെ നിയോഗിച്ചത്.

എം.എം ഹസന്‍ അധ്യക്ഷനായ ഏഴംഗ സമിതിയോട് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് നല്‍കിയ മറ്റുവാര്‍ത്തകള്‍

നെല്ലിയാമ്പതി വനം കേസുകള്‍ അട്ടിമറിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറി, രേഖകള്‍ ഡൂള്‍ ന്യൂസിന്

മിന്നാംപാറ കേസ് അട്ടിമറിച്ചത് അമര്‍നാഥ് ഷെട്ടി; വിജിലന്‍സ് കേസും അട്ടിമറിച്ചു