ന്യൂദല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 50 ശതമാനം സീറ്റുകള്‍ നല്‍കിയെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അവകാശവാദം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം ലിജു.

ദല്‍ഹിയില്‍ ഇന്ന് തുടങ്ങിയ എ.ഐ.സി.സി സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധുയുടെയും സാന്നിധ്യത്തില്‍ ചെന്നിത്തല ഈ പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യുവാക്കള്‍ക്ക് 50 ശതമാനം സീറ്റ് നല്‍കിയെന്നും അതാണ് മികച്ച വിജയത്തിന് കാരണമായതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ചെന്നിത്തലയുടെ ഈ പ്രസ്താവന തെറ്റാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത എം ലിജു മാധ്യമങ്ങളോട് പറയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായും അടുത്തതായി രാഹുല്‍ ഗാന്ധിയെയും അറിയിക്കുമെന്നും ലിജു പറഞ്ഞു.