കൊച്ചി: ഇടുക്കിയില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്നും അതിന് ആരാണ് അനുവാദം കൊടുത്തതെന്നും അന്വേഷിക്കേണ്ടതാണെന്ന് ഡോ.എം ലീലാവതി. കൊലപാതക രാഷ്ട്രീയത്തിനും ഭീകരതക്കുമെതിരെ എന്‍.ജി.ഒ അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തങ്ങള്‍ ലിസ്റ്റിട്ട് കൊന്നെന്നും ഇനിയും കൊല്ലുമെന്നും ആരാണ് ചോദിക്കാനുള്ളതെന്നും ഉത്തരവാദിത്തപ്പെട്ട ചില നേതാക്കള്‍ പറയുന്നത് നമുക്ക് കേട്ടുകൊണ്ടിരിക്കാന്‍ കഴിയില്ല. ചന്ദ്രശേഖരന്‍ ധീരനാണെന്ന് പറയുന്ന നേതാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും കൊലപാതകങ്ങള്‍ നടന്നതായാണ് അദ്ദേഹത്തിന്റെ അനുയായിയായിരുന്നയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതും അന്വേഷിക്കേണ്ടതാണ്. ഇതൊക്കെ അന്വേഷിക്കുമ്പോഴാണ് നമ്മുടെ സമൂഹത്തില്‍ ഹിംസയുടെ വേരുകള്‍ എത്രത്തോളം പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നതിനെക്കുറിച്ചുള്ള ചെറിയ അറിവെങ്കിലും നമുക്ക് ലഭിക്കുക. പ്രതികാരത്തിന് വേണ്ടിയാകുമ്പോള്‍ ഏതു കൊലപാതകവും സാധുവാകുമെന്ന ചിന്ത അപകടകരമാണെന്ന് ഡോ. ലീലാവതി പറഞ്ഞു. കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുന്നത് അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിക്കൊന്നതിനുള്ള പ്രതികാരമായിരുന്നുവെന്ന് പറഞ്ഞ് സാധൂകരിക്കുന്നവരുണ്ട്. ഇങ്ങനെ സാധൂകരിക്കാന്‍ പുറപ്പെട്ടാല്‍ എല്ലാ കൊലപാതകങ്ങള്‍ക്കും ഏതെങ്കിലുമൊരു സാധൂകരണത്തിന് വകയുണ്ടാവും.

Subscribe Us:

പ്രതികരണം അഹിംസാത്മകമായിരിക്കണം. ആത്മരക്ഷക്ക് വേണ്ടിയല്ലാത്ത ഒരു കൊലപാതകവും സാധൂകരിക്കപ്പെടുന്നതല്ല. ആത്മരക്ഷക്ക് വേണ്ടിയുള്ള കൊലപാതകത്തിന് മാത്രമാണ് ധാര്‍മ്മികമായി സാധൂകരണമുള്ളത്. ടി.പി ചന്ദ്രശേഖരന്‍ അതി ധീരനാണെന്നും അദ്ദേഹം ഒരിക്കല്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും ടീച്ചര്‍ പറഞ്ഞു. ധീരന്മാര്‍ ഒരിക്കലേ മരിക്കൂ. ഭീരുക്കള്‍ പലവട്ടം മരിക്കുമെന്ന് പറയുന്നതിന് ദൃഷ്ടാന്തമാണ് ചന്ദ്രശേഖരനെന്നും ലീലാവതി പറഞ്ഞു.

എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോമസ് ഹെര്‍ബിറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ബെന്നി ബഹന്നാന്‍ എം.എല്‍.എ, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, പ്രൊഫ എം.സി ദിലീപ്, വി.ജെ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.