PANDHEന്യൂദല്‍ഹി: സി.പി.ഐ.എം പൊളിറ്റ്  ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ  പ്രസിഡന്റുമായ എം.കെ.പാന്ഥെ(86) അന്തരിച്ചു.  ഹൃദയാഘാതത്തെത്തുടര്‍ന്ന്  ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1925 ജൂലൈ 11ന് മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു പാന്ഥെയുടെ ജനനം. പൂനെ  യൂനിവേഴ്‌സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി 1941ലാണ് ആദ്യമായി പാര്‍ട്ടി അംഗത്വമെടുക്കുന്നത്. 1943 ല്‍ സൊണാപ്പൂര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി ആയാണ് പാര്‍ട്ടിയുടെ നേതൃത്വനിരയിലേക്ക് വരുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെതുടര്‍ന്ന് 1948 മുതല്‍ 1951 വരെ 27 മാസത്തോളം ഒളിവില്‍ കഴിഞ്ഞായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. 1955ല്‍ ഗോവ വിമോചന സമിതിയുടെ സെക്രട്ടറിയായും പാന്ഥെയെ തിരഞ്ഞെടുത്തു. 1958ല്‍ എ.ഐ.ടി.യു.സിയുടെ ആസ്ഥാന ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ 1964ല്‍ സി.പി.ഐ.എമ്മിന്റെ കൂടെ നിന്ന പാന്ഥെ 1966ല്‍ എ.ഐ.ടി.യു.സിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

1965 മുതല്‍ 66വരെ വീണ്ടും 14മാസം ഒളിവില്‍ പോയി. 1970ലാണ് അദ്ദേഹം സി.ഐ.ടി.യു സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് . 1978ല്‍ നടന്ന ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ് സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയിലേക്ക് പാന്ഥെ വരുന്നത്.

1990ലാണ് പാന്ഥെ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1998ല്‍  കൊല്‍ക്കത്തയില്‍വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കുന്നത്. 1999ല്‍ വീണ്ടും സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.