ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അന്തരിച്ചു. ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. 95 വയസ്സായിരുന്നു. കുറച്ചുദിവസങ്ങളായി ലണ്ടനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1915 ല്‍ മഹാരാഷ്ട്രയിലാണ് മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ് ഹുസൈന്റെ ജനനം. 1940 കളിലാണ് ചിത്രകാരന്‍ എന്ന നിലയില്‍ ഹുസൈന്‍ പ്രശസ്തനാകുന്നത്.

എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ഹുസൈന്‍. വിവാദങ്ങളുടെ കൂട്ടുകാരനായിട്ടാണ് അദ്ദേഹത്തെ സമൂഹം കണ്ടത്. ഹൈന്ദവദൈവങ്ങളുടെ ചിത്രങ്ങള്‍ മോശമായി വരച്ചെന്നാരോപിച്ച് ശിവസേനയുടെ ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2006 ല്‍ ഇന്ത്യ വിടുകയായിരുന്നു. ചിത്രങ്ങള്‍ അദ്ദേഹത്തെ ആന്റി ഹിന്ദുവാണെന്ന ആരോപണത്തിനു വിധേയനാക്കി. 2010 ല്‍ അദ്ദേഹത്തിന് ഖത്തര്‍ പൗരത്വം ലഭിച്ചു.

1996 ല്‍ ഫോബ്‌സ് മാസിക ഇന്ത്യയുടെ പിക്കാസോ പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. പ്രശസ്ത പെയിന്റിംഗ് ലേലമായ ക്രിസ്റ്റി ഓക്ഷനില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് 20 ലക്ഷം ഡോളര്‍വരെ ലഭിച്ചിരുന്നു.

വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും പൂര്‍ണമായും ചിത്രകലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് പല കോണില്‍നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

1966 ല്‍ പത്മശ്രീയും 1973 ല്‍ പത്മഭൂഷണും 1991 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. കേരളസര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിവാദങ്ങളെത്തുടര്‍ന്ന് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കാതെ പോവുകയായിരുന്നു. 1967 ല്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചിത്രകാരനായ ഹുസൈന്‍ ബോളിവുഡ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മീനാക്ഷി-എ ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമ മുസ്‌ലിം മൗലികവാദികളുടെ ഭീഷണിമൂലം പിന്‍വലിക്കേണ്ടിവന്നു.

1986 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.