തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തിയ ശേഷം പ്രതികരിക്കാമെന്ന് മുന്‍മന്ത്രി എം.എ. ബേബി.

നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടായി രൂപപ്പെടുമെന്ന് തോന്നുന്നില്ല. സമിതിയുടെ ഒരു യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതേക്കുറിച്ച് യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു.

ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് സമിതിയോട് ഗൗരവമില്ലാതെ പെരുമാറിയെന്ന ആക്ഷേപത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതില്‍ വി.എസിന്റെയും എം.എ. ബേബിയുടെയും ഒത്താശയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമിതിയില്‍ ഇന്നലെ അഭിപ്രായമുയര്‍ന്നിരുന്നു.

നിയമസഭാസമിതിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് മാധ്യമങ്ങളിലുടെ പുറത്ത് വന്നതെന്നും അത് തന്നെ സ്ഥിരീകരിക്കപ്പെടാത്തതാണെന്നൂം ബേബി ചൂണ്ടിക്കാട്ടി.  നിയമസഭാ സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സഭയില്‍ സമര്‍പ്പിക്കുമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ഐ.സി.ടി ഡയരക്ടര്‍, ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടര്‍ എന്നീ പദവികളില്‍ വി.എ അരുണ്‍കുമാര്‍ എത്തിയത് യോഗ്യത ഇല്ലാതെയാണെന്ന് നിയമസഭാസമിതി കണ്ടെത്തിയിരുന്നു. വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അരുണ്‍കുമാറിന്റെ നിയമനത്തിന് വി.എസ് അച്യുതാനന്ദനും എം.എ ബേബിയും കൂട്ടുനിന്നെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഐ.എച്ച്.ആര്‍.ഡി ഡയരക്ടര്‍ സ്ഥാനത്തേക്ക് നിയമനം നടത്താനുള്ള അധികാരം സര്‍ക്കാരിനാണ്.ഈ അധികാരം ഐ.എച്ച്.ആര്‍.ഡി കവര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Malayalam News

Kerala News In English