കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു.

Ads By Google

ബേബിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ലീഗ് നേതാക്കള്‍ ജയിലിലെത്തിയത്. ഇവര്‍ക്കൊപ്പം മഅദനിയുടെ മകന്‍ ഉമര്‍ മുഖ്താറും പി.ഡി.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബുമുണ്ടായിരുന്നു.

ബാംഗ്ലൂരിലെ കെഎംസിസി ഭാരവാഹികളും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ലീഗ് നേതാക്കള്‍ ബാംഗ്ലൂരിലെത്തിയത്.

മഅദനിയെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോ സമ്മര്‍ദങ്ങളോ ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാനുഷിക പരിഗണന വച്ചായിരുന്നു സന്ദര്‍ശനം.

അദ്ദേഹത്തിന്റെ ആരോഗ്യ നില ശോചനീയ നിലയിലാണ്. ആരോഗ്യ നില ശോചനീയ നിലയിലാണ്. മഅദനിയുടെ കണ്ണിന് കാഴ്ച വളരെ കുറഞ്ഞു. പ്രമേഹമടക്കമുള്ള മറ്റ് അസുഖങ്ങളും അലട്ടുന്നു.

വിദഗ്ധ ചികിത്സയ്ക്കായി എത്രയും വേഗം അദ്ദേഹത്തിനു ജാമ്യം അനുവദിക്കണം. ഇതിനു വേണ്ടി കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തും.

മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി കൂടിക്കാഴ്ച നടത്താന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മഅദനി നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സി.പി.ഐ.എം ഏറ്റെടുക്കുന്നെന്ന് എം.എ ബേബി അറിയിച്ചു. മഅദനിക്കെതിരായ തെളിവുകള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന സംശയം ന്യായണ്.

അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. കണ്ണിന്റെ കാഴ്ചയും ശരീരത്തിന്റെ അവസ്ഥയും മോശമാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സി.പി.ഐ.എം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരും.

മഅദനിക്ക് ഉടന്‍ ജാമ്യമനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരമണിക്കൂര്‍ മഅദനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വൈകിട്ട് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. മഅദനിയുടെ അരോഗ്യനില മോശമായതിനെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ നിന്നും വിവിധ രാഷ്ട്രീയ നേതാക്കള്‍ ജയിലിലെത്തി മഅദനിയെ സന്ദര്‍ശിച്ചിരുന്നു.