എഡിറ്റര്‍
എഡിറ്റര്‍
കൊല്ലൂ, അവന്റെ ജീവനെടുക്കൂ’ എന്ന് കമ്മീഷണര്‍ കാറിലിരുന്ന് ഉത്തരവിട്ടു: രാജസ്ഥാനില്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്ന സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകന്റെ മകള്‍ വെളിപ്പെടുത്തുന്നു
എഡിറ്റര്‍
Saturday 17th June 2017 4:28pm

ജയ്പൂര്‍: തന്റെ പിതാവിനെക്കൊല്ലാന്‍ കമ്മീഷണറായി ഉത്തരവിട്ടതെന്ന് രാജസ്ഥാനില്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്ന സഫര്‍ ഹുസൈന്റെ മകള്‍.

‘കാറിലിരുന്ന കമ്മീഷണര്‍ നിര്‍ബന്ധിച്ചു, കൊല്ലൂ കൊല്ലൂ, അവനെ ജീവനോടെ കൊല്ലൂ എന്ന്’ സഫറിന്റെ പതിനാലു വയസുകാരിയായ മകള്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സഫറിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്നത്. പൊതു സ്ഥലങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു സഫര്‍ കൊല്ലപ്പെട്ടത്.


Related: തുറന്ന സ്ഥലത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞ മധ്യവയസ്‌കനെ അടിച്ചു കൊന്നു; സംഭവം രാജസ്ഥാനില്‍


ഉദ്യോഗസ്ഥര്‍ ചിത്രം പകര്‍ത്തിയവരുടെ കൂട്ടത്തില്‍ സഫറിന്റെ ഭാര്യയും മകളും ഉള്‍പ്പെട്ടിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

‘ അച്ഛനെ കത്തിക്കുമെന്ന് പറഞ്ഞ് അവര്‍ എന്റെ മകളെ ഭീഷണിപ്പെടുത്തി.’ സഫറിന്റെ ഭാര്യ റാഷിദ പറയുന്നു.

‘ പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. ഞങ്ങള്‍ പ്രാഥമിക ആവശ്യത്തിനു പോയതായിരുന്നു. അപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ കാറു വന്നു. അവര്‍ ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. അവര്‍ ഞങ്ങള്‍ക്കുനേരെ അശ്ലീല പ്രയോഗം നടത്തുകയും ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന വെള്ളത്തൊട്ടികള്‍ തട്ടിക്കളയുകയും ചെയ്തു. ഉപ്പ അവരോട് നിര്‍ത്തൂ എന്നു പറഞ്ഞതോടെ അവര്‍ അദ്ദേഹത്തെ അടിക്കാന്‍ തുടങ്ങി.’ മകള്‍ സാബ്ര പറയുന്നു.

മുനിസിപ്പാലിറ്റിയില്‍ സ്വീപ്പര്‍ ആയ കമല്‍ എന്നയാള്‍ സഫറിന്റെ തലയിലേക്ക് കല്ലെടുത്ത് കുത്തിയെന്നും സാബ്ര പറയുന്നു. അപ്പോഴാണ് കമ്മീഷണര്‍ കൊല്ലാന്‍ നിര്‍ദേശിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.

സാബ്രയുടെ വാക്കുകളെ ദൃക്‌സാക്ഷിയായ ഷാഹിദയും ശരിവെക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ കമ്മീഷണര്‍ അശോക് ജെയ്ന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement