പ്യൂപ്പ / ഷഫീക്ക്. എച്ച്‌

നമ്മള്‍ ദുഷ്ടന്‍മാരയൊക്കെ ഹൃദയശൂന്യരെന്ന് വിളിക്കാറുണ്ട് അല്ലേ. എന്നാല്‍ നമുക്ക് ശ്വാസകോശമില്ലാത്ത ഒരാളുടെ കഥ കേട്ടാലോ? ഇവിടെയൊന്നുമല്ല കഥ നടക്കുന്നത് കേട്ടോ. അങ്ങകലെ ഇന്തോനേഷ്യ എന്ന് പറയുന്ന രാജ്യത്താണ്.

ഇന്തോനേഷ്യ ഒരു ദ്വീപസമൂഹമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ. അവിടത്തെ ബോര്‍ണിയാ എന്ന ദ്വീപിലാണ് സംഭവം. അവിടെ ഒരു വിരുതന്‍ ത്വക്കില്ലാതെയാണ് ശ്വസിക്കുന്നത്.

ത്വക്കുപയോഗിച്ച് ആരാണ് ശ്വസനം നടത്തുന്നതെന്ന് കൂട്ടുകാര്‍ക്ക് പറയാമോ? അതെ, വയലുകളിലും കുളങ്ങളിലും ചളികളിലുമൊക്കെ കാണുന്ന നമ്മുടെ ‘ക്രോം.. ക്രോം’ തവളച്ചന്‍ തന്നെ. മൂപ്പര്‍ക്ക് രണ്ട് ശ്വസനാവയവങ്ങളാണുള്ളത്. ശ്വാ­സകോശവും പിന്നെ ത്വക്കും. കരയിലെത്തുമ്പോള്‍ ആശാന്‍ ശ്വാസകോശമുപയോഗിച്ചാണ് ശ്വസിക്കുന്നത്. എന്നാല്‍ വെള്ളത്തലിറങ്ങുമ്പോഴോ? ത്വക്ക് ഉപയോഗിച്ചും. അതുകൊണ്ടാണ് തവളച്ചനെ ‘ഉഭയകോശ ജീവി’കളില്‍ (Amphibian) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പക്ഷേ ബോര്‍ണിയോ ദ്വീപിലെ ആ തവളച്ചന് ഒരു ശ്വസനാവയവമേയുള്ളു. ത്വക്ക് മാത്രം! കഷ്ടം തന്നെ അല്ലെ. പാവത്തിനൊരിക്കലും കരയില്‍ കയറാനാവില്ല. നമ്മുടെ തവളച്ചനെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനായ ഡേവിഡ് ബിക്‌ഫോര്‍ഡ് (David Bickford) പറയുന്നതെന്താണെന്നറിയാമോ? ‘ഈ തവളകളെ അവിചാരിതമായി കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ശ്വാസകോശമില്ലായ്മയെന്ന ഈ അപൂര്‍വ്വത അറിയാനാകുമായിരുന്നില്ല.’

1978-ലാണ് ഇത്തരം തവളകളെകുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി ലഭിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇത്തരത്തിലുള്ള ഒരു തവളയെ മീന്‍പിടുത്തക്കാര്‍ വീണ്ടും കണ്ടെത്തുന്നത്.
എന്തായിരിക്കാം ഈ തവളച്ചന്റെ ശ്വാസകോശമില്ലായ്മക്ക് കാരണം? കൂട്ടുകാര്‍ക്ക് പറയാമോ?

എല്ലാ ജീവജാലങ്ങളും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടുള്ള പരിണാമത്തിലൂടെയാണ് രൂപം പ്രാപിച്ചിട്ടുള്ളതെന്ന് കൂട്ടുകാര്‍ക്കറിവുള്ള കാര്യമാണ്. ജീവിക്കാനാകാത്തവിധം പ്രകൃതി, തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ അതിജീവിക്കുന്ന ജീവികള്‍ മാത്രമേ ഭൂമിയില്‍ അവശേഷിക്കുകയുള്ളു. ഇതിനെയാണ് പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ചാള്‍സ് ഡാര്‍വിന്‍ ‘പ്രകൃതി പരമായ തെരഞ്ഞെടുക്കല്‍’ എന്ന് വിളിച്ചത്.

നമ്മുടെ തവളച്ചന്റെ കാര്യവും ഇതായിരുന്നത്രേ. പ്രകൃതിപരമായ ഒരു അതിജീവനം! കഠിനമായ തണുപ്പും കുത്തൊഴുക്കുമുള്ള നദികളിലാണ് ഇക്കൂട്ടര്‍
താമസ്സമുറപ്പിച്ചിട്ടുള്ളത്. അവിടങ്ങളിലാണെങ്കിലോ, ഓക്‌സിജന്‍ തീരെ കുറവും. അതുകൊണ്ട് ത്വക്ക് ഉപയോഗിച്ചുമാത്രമേ അവര്‍ക്ക് ജീവിക്കാനാകുമായിരുന്നുള്ളു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മറ്റ് കാരമണങ്ങളൊന്നും തന്നെ നമുക്കു ലഭ്യമല്ല കേട്ടോ. എന്തായാലും അതൊക്കെ കണ്ടുപിടിക്കുമെന്ന് നമുക്ക് കരുതാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മൂപ്പര്‍ വിരുതനാണ്. ഇവന് കുറച്ച് ഓക്‌സിജന്‍ മതിയത്രേ ജീവിക്കാന്‍! മറ്റുള്ള തവളകളേക്കാള്‍ ഇവന്‍ അല്‍പംകൂടി പരന്നാണിരിക്കുന്നത്. ത്വക്കിന്റെ വിസ്തീര്‍ണ്ണം കുറക്കാനാണിത്. ഇവന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേരെന്താണെന്നറിയാമോ? ‘ബര്‍ബറൂല കാലിമെന്താനിന്‍’. ഹമ്മോ! പറയാന്‍ പറ്റുന്നില്ല അല്ലേ.. സാരമില്ല. സാവധാനം പറഞ്ഞ് പഠിച്ചാല്‍ മതി..