doctors-lunch-break

മ്പള വര്‍ധനവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കയാണ്. മഴക്കാലത്ത് പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുന്ന സമയത്താണ് ഡോക്ടര്‍മാര്‍ പതിവായി ഇത്തരം പണിമുടക്ക് സമരം നടത്തുന്നത്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍പ്പോലും പണിമുടക്ക് നടത്തി പൊതു ആരോഗ്യമേഖലയെ തകര്‍ത്ത് ഇത്തരമൊരു സമരം ശരിയാണോയെന്ന ചോദ്യം ഉയരുന്നുണ്ട്. പൊതു ആരോഗ്യമേഖല തകരുമ്പോള്‍ ഗുണം ലഭിക്കുന്നത് വന്‍തുക ചികിത്സക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കാണെന്നത് മറന്നു പോയിക്കൂട.

സര്‍ക്കാറുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിക്കൊണ്ടിരിക്കെ പെട്ടെന്ന് സമര രംഗത്തിറങ്ങിയതിന്റെ ന്യായവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സമരത്തോട് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്തതായാണ് ലഭിക്കുന്ന സൂചനകള്‍. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, ഡോക്ടര്‍മാരുടെ സമരം ആരെ സഹായിക്കാന്‍?

ഉമ്മന്‍ചാണ്ടി- മുഖ്യമന്ത്രി

സര്‍ക്കാരുമായി കെ.ജി.എം.ഒ.എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടും സമരവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടുപോയത് നിര്‍ഭാഗ്യകരമാണ്.

ഞായറാഴ്ച്ച ആരോഗ്യമന്ത്രിയും താനും നടത്തിയ ചര്‍ച്ചയില്‍ ധാരണയായാണ് പിരിഞ്ഞത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തിയത്. പിന്നെന്തിനാണ് സമരം നടത്തുന്നതെന്ന് മനസ്സിലാവുന്നില്ല. പാവപ്പെട്ട രോഗികളെ കഷ്ടത്തിലാക്കുന്ന ഇത്തരം നടപടികള്‍ വേദനാജനകമാണ്.

തങ്ങളുടെ സംഘടനയില്‍പ്പെട്ടവരോടെങ്കിലും എന്തിനാണ് സമരമെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?

വി.എസ് അച്യുതാനന്ദന്‍ -പ്രതിപക്ഷ നേതാവ്

സമരക്കാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. എന്നാല്‍ ഇവരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കിക്കാണുന്നില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ല.

പാവപ്പെട്ട രോഗികളെ സമരം ബാധിക്കാതെ നോക്കേണ്ടതുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ക്ക് ചികിത്സയും മരുന്നുകളും ലഭിക്കാനുള്ള നടപടിയുണ്ടാവണം. അതുപോലെ തന്നെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണുകയും വേണം.

ഡോ.ബി ഇക്ബാല്‍-കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

കെ.ജി.എം.ഒയുടെ സമരം ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് ഞാന്‍ കരുതുന്നത്. വൈദ്യ മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. ചികിത്സ, രോഗപ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ഇടപെടലുകള്‍ കാണാതിരുന്നുകൂട. ഇത് പരിഗണിച്ച് ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടി പണിമുടക്ക് സമരങ്ങള്‍ നടത്തുന്ന രീതിയോട് യോജിപ്പില്ല. ഡോക്ടര്‍മാര്‍ പണിമുടക്ക് സമരത്തില്‍ നിന്ന് പിന്‍മാറണം. പ്രശ്‌നം മറ്റ് രീതിയില്‍ ജനങ്ങളുടെ അടുത്തെത്തിക്കാന്‍ ശ്രമിക്കണം. അല്ലാതിരുന്നാല്‍ സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകും.

എന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാതെ സമരം അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ രീതി ശരിയല്ല. ഡോക്ടര്‍മാരെ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഡോക്ടര്‍മാര്‍ക്കായി പ്രത്യേക ശമ്പള പാക്കേജ് കൊണ്ടുവരണം.

സമരവും സര്‍ക്കാര്‍ നിലപാടും സ്വകാര്യ ആശുപത്രികളെയാണ് പ്രോത്സാഹിപ്പിക്കുക. നിലവില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് ഡോക്ടര്‍മാര്‍ കടന്നുവരാത്ത സാഹചര്യമുണ്ട്. ഇക്കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം.

vk-raveendranവി.കെ രവീന്ദ്രന്‍- മാധ്യമപ്രവര്‍ത്തകന്‍

പണിമുടക്കിന് വേണ്ടി ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ എല്ലാം ന്യായമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനം പരിഗണിച്ചുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ,മലയോര മേഖലകളില്‍.

ചെറിയ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും ഇപ്പോള്‍ വലിയ ശമ്പളം വാങ്ങുമ്പോള്‍ ഡോക്ടര്‍മാരുടെ യോഗ്യത പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ട്. സമൂഹത്തിലെ അവശ്യ സര്‍വ്വീസ് എന്ന നിലയില്‍ ഡോക്ടര്‍മാര്‍ പരിഗണിക്കപ്പെടണം.

എന്നാല്‍ ഇതിലുപരിയായി ഡോക്ടര്‍മാര്‍ സമൂഹത്തിനോട് പുലര്‍ത്തേണ്ട ബാധ്യത മറന്നുപോവാന്‍ പാടില്ല. മറ്റു തൊഴിലുകളെപ്പോലെ പണിമുടക്ക് നടത്തുന്ന രീതിയെ അംഗീകരിക്കാന്‍ കഴിയില്ല. രോഗികളെ ചികിത്സിക്കാതെ സമരം നടത്തുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമാണ്. മഴക്കാലത്ത് പകര്‍ച്ചവ്യാധിയും മറ്റ് രോഗങ്ങളും കാരണം ജനം ബുദ്ധിമുട്ട് അനുഭലിക്കുമ്പോള്‍ ഇത്തരമൊരു സമരവുമായി രംഗത്തുവരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

സര്‍ക്കാര്‍ പിടിവാശിയുപേക്ഷിച്ച് സമരം ഒത്തുതീര്‍പ്പാക്കി ജനങ്ങളോട് പ്രതിബദ്ധത കാണിക്കണം. കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലമരുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി സമരത്തിനിറങ്ങുന്നതും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാതിരിക്കുന്നതിന്റെയും പിന്നില്‍ മറ്റ് ചില അജണ്ടകളുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതാണ്. മന്ത്രിമരും എം.എല്‍.എമാരും പലരും വ്യവസായ സംരംഭകര്‍ കൂടിയാണ്. പലര്‍ക്കും ആശുപത്രി വ്യവസായവുമായി ബന്ധമുണ്ട്. രോഗം കാരണം പൊറുതിമുട്ടുന്ന ജനം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയും അതുവഴി അവര്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. ഇക്കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്.

പ്രവീണ്‍ പ്രഭാകര്‍- കോഴിക്കോട് മെഡിക്കല്‍ കോളജ് പി.ജി വിദ്യാര്‍ത്ഥി

ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡോക്ടര്‍മാരുടെ സമരം. വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ഈ സമരത്തെ ശക്തമായി പിന്തുണയ്ക്കുന്നു. ഡോക്ടര്‍ എന്ന ജോലി ഒരേ സമയം സേവനവും തൊഴിലുമാണ്. ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിക്കണം. വേണ്ടത്ര ശമ്പളമില്ലാതെ ജോലിചെയ്യാനാവില്ല. മറ്റ് മേഖലകള്‍, ഉദാഹരണത്തില്‍ ഐടി ജോലികള്‍ ചെയ്യുന്നവരെല്ലാം വന്‍തുക ശമ്പളത്തോടെ നല്ലൊരു ലൈഫ് സ്‌റ്റൈല്‍ പിന്‍തുടരുമ്പോള്‍ സ്വാഭാവികമായും ഡോക്ടര്‍മാര്‍ക്കും അത്തരം ആഗ്രങ്ങളുണ്ടാവും.

പിന്നെ മറ്റൊരു കാര്യം ഡോക്ടര്‍മാരില്‍ എത്രത്തോളം പേര്‍ സര്‍വ്വീസ് മെന്റാലിറ്റിയോടുകൂടി ജോലിചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. സര്‍ക്കാര്‍ കോളജുകളില്‍ നിന്നും മെഡിസിന്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അല്പമെങ്കിലും സര്‍വ്വീസ് മെന്റാലിറ്റി കാണും.

സമരവുമായി മുന്നോട്ടുപോകാനുളള കെ.ജി.എം.ഒയുടെ തീരുമാനം ഒരു സുപ്രഭാതത്തിലെടുത്തതല്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സംഘടന ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചതാണ്. ഒരു മാസംകൊണ്ട് പ്രശ്‌നങ്ങള്‍ പഠിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കുകയും ചെയ്തിരുന്നു. ഈ ഒരു മാസത്തെ കാലാവധി കഴിഞ്ഞശേഷമാണ് സമരത്തിനിറങ്ങിയത്. മഴക്കാലമാണ്, രോഗങ്ങള്‍ പടരുന്ന സമയമാണ് എന്ന തോന്നല്‍ സര്‍ക്കാരിനുമുണ്ടാകും. ഈ സമരത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചിട്ടില്ലല്ലോ? സ്‌പെഷാലിറ്റി ഒ.പി മാത്രമാണ് ബഹിഷ്‌കരിച്ചിട്ടുള്ളത്.

കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഒരുപാട് പാവപ്പെട്ടവര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. അതിനാല്‍ സമരം ഇത്തരം ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ എതിരഭിപ്രായമില്ല. സര്‍ക്കാര്‍ പിടിവാശിയുപേക്ഷിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്.