Categories

റീമേക്കുകള്‍ക്ക് കാരണം പ്രമേയ ദാരിദ്ര്യമോ?

ണ്‍പതുകളില്‍ മലയാളി നെഞ്ചേറ്റിയ നീലത്താമര, രതിനിര്‍വ്വേദം എന്നീ സിനിമകളുടെ റീമേക്കുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അവളുടെ രാവുകള്‍, തകര, ഇണയെത്തേടി തുടങ്ങിയ ചിത്രങ്ങള്‍ റീമേക്കിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഏറെ കൊട്ടി ഘോഷിച്ച് പുറത്തിറങ്ങുന്ന ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷരെ അധികമൊന്നും സ്വാധീനിക്കാനായിട്ടില്ല.

ട്രാഫിക്, സോള്‍ട്ട് ഏന്റ് പെപ്പര്‍, ചാപ്പകുരിശ്,കോക്ക് ടെയില്‍… മറുഭാഗത്ത് യുവ സംവിധായകര്‍ പുതിയ പ്രമേയങ്ങളും ആഖ്യാനരീതികളുമായി രംഗത്ത് വരുന്നുണ്ട്. മലയാളി അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

മലയാളത്തില്‍ വിപ്ലവാത്മകമായ പ്രമേയങ്ങളും അവതരണ രീതികളും പണ്ട് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ റീമേക്കുകളില്‍ അവയൊന്നും പുനസൃഷ്ടിക്കപ്പെടുന്നില്ല. സ്ത്രീ ശരീരത്തിന്റെ വിപണന സാധ്യത ലക്ഷ്യം വെച്ചുള്ള സിനിമകളാണ് ഇങ്ങിനെ റീമേക്ക് ചെയ്യപ്പെടുന്നതെന്ന് ആക്ഷേപമയുര്‍ന്നിട്ടുണ്ട്. ഇതെക്കുറിച്ചുള്ള ചര്‍ച്ചയാണിന്ന്, റീമേക്കുകള്‍ക്ക് കാരണം പ്രമേയ ദാരിദ്ര്യമോ?… ഡൂള്‍ന്യൂസ് ലഞ്ച്‌ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.

ജി.പി രാമചന്ദ്രന്‍-സിനിമാ നിരൂപകന്‍

റീമേക്ക് ചെയ്യാനെടുക്കുന്ന സിനിമകളെ ഇവര്‍ ക്ലാസിക് സിനിമകളെന്നാണ് വിശേഷിപ്പിക്കുന്നത്. സത്യത്തില്‍ ഇവയൊന്നും ക്ലാസിക് ചിത്രങ്ങളല്ല. ഒരു സോഫ്റ്റ് പോണോ ലൈനിലുള്ള സിനിമകളെന്ന് മാത്രമേ ഇവയെ വിളിക്കാന്‍ പറ്റൂ. ഈ ചിത്രങ്ങളെല്ലാം മോശമാണെന്നല്ല പറയുന്നത്. തീര്‍ച്ചയായും ഇവയ്ക്ക് ചില ഗുണഗണങ്ങളുണ്ട്. അക്കാലത്തെ പ്രേക്ഷക സമൂഹത്തെ സ്വാധീനിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. അന്നത്തെ ലൈംഗിക കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സിനിമകളാണ് റീമേക്ക് ചെയ്യാനെടുക്കുന്നത്. ഇത് സ്ത്രീ ശരീരത്തെ ഒരു ഉല്പന്നമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി, അല്ലെങ്കില്‍ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ.

രതിനിര്‍വേദത്തിന്റെ കാര്യം തന്നെയെടുക്കാം. അന്നത്തെ സമൂഹത്തിന് വേണ്ടി പാകപ്പെടുത്തിയ ചിത്രമാണത്. ഇന്റര്‍നെറ്റും, ഇലക്ട്രോണിക് മാധ്യമങ്ങളും ഏറെ സജീവമായ ഈ ലോകത്ത് രതിനിര്‍വേദം പൊലൊരു കഥയ്ക്ക് പ്രസക്തിയില്ല. അത് പുനരാവിഷ്‌കരിക്കുന്നതിലൂടെ ശ്വേതാ മേനോന്‍ എന്ന നടിയുടെ ശരീരത്തിന്റെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ശ്വേതാ മേനോന്‍ ഇക്കാലത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്. ആ നടിയോടും, നടിയുടെ രൂപഭംഗിയോടും മലയാളികള്‍ക്കും സ്‌നേഹമാണ് രതിനിര്‍വേദത്തിലൂടെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത്.

കോക്ക് ടെയ്ല്‍, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പുത്തന്‍സംവിധായകര്‍ മാറ്റത്തിന് തയ്യാറായി രംഗത്തെത്തുമ്പോള്‍ പഴയ പല സംവിധായകര്‍ക്കും , താരങ്ങള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്നു. ഈ ഭീഷണി അതിജീവിക്കാന്‍ അവര്‍ കണ്ടെത്തിയ തന്ത്രമാണ് ഈ റീമേക്കുകള്‍. ഈ സംവിധായകരുടെ കൗമാരങ്ങളിലെ വികൃതലൈംഗികതയുടെ നൊസ്റ്റാള്‍ജിയാവാം ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.

മധുപാല്‍-നടന്‍,കഥാകൃത്ത്,സംവിധായകന്‍

വിഷയദാരിദ്ര്യം കൊണ്ടാണ് റീമേക്കുകള്‍ ഉണ്ടാവുന്നതെന്ന് വിശ്വസിക്കുന്നില്ല. റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍ക്ക് കാലത്തിനതീതമായ പ്രാധാന്യമുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രമാണ് ഇപ്പോള്‍ റീമേക്ക് ചെയ്ത രതിനിര്‍വേദം. ആ കാലത്ത് ടെക്‌നോളജി ഇത്രത്തോളം വ്യാപിച്ചിട്ടില്ലാത്തതിനാല്‍ പലര്‍ക്കും ഈ സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ടെലിവിഷനും, കേബിള്‍ ടിവിയുമൊക്കെ വ്യാപകമായിട്ടും ഈ ചിത്രത്തിന് വേണ്ട പ്രാധാന്യം നല്‍കിയിരുന്നില്ല. രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മാത്രമാണ് സിനിമ പല ചാനലുകളിലും കാണാന്‍ കഴിഞ്ഞത്. അതിനാല്‍ പഴയ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്ന പ്രവണത മോശമാണെന്ന് പറയാന്‍ കഴിയില്ല.

പുതിയ സംവിധായകര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള അടവായൊന്നും ഇതിനെ കാണേണ്ടതില്ല. വിഷയങ്ങള്‍ എത്രത്തോളം മികച്ചതാക്കാന്‍ കഴിയും എന്ന് തെളിയിക്കുകയാണ് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ലോകത്ത് ആകെ കുറച്ച് വികാരങ്ങളേയുള്ളൂ. കുറച്ച് സബ്ജക്ടേയുള്ളൂ. അതിനെ കൈകാര്യം ചെയ്യുന്നതില്‍ എത്രത്തോളം വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയും എന്നാണ് സംവിധായകന്‍ ആലോചിക്കേണ്ടത്.

പി.പ്രേമചന്ദ്രന്‍-ബ്ലോഗെഴുത്തുകാരന്‍

പഴയകാലത്തെ മികച്ച ചിത്രങ്ങളെ പ്രേക്ഷകര്‍ക്കുമുന്നില്‍ മോടികൂട്ടി പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യമല്ല റീമേക്ക് ട്രെന്റിനു പിന്നിലുള്ളത്. അങ്ങനെയാണെങ്കില്‍ നിര്‍മ്മാല്യം പോലുള്ള ചിത്രങ്ങളായിരുന്നു റീമേക്ക് ചെയ്യപ്പെടേണ്ടിയിരുന്നത്. അതിനുപകരമായി നീലത്താമര, രതിനിര്‍വേദം തുടങ്ങി അവിഹിത ബന്ധങ്ങളോ, സെക്‌സോ പ്രമേയമാക്കിയ ചിത്രങ്ങളാണ് റീമേക്ക് ചെയ്യപ്പെടുന്നത്. ഇത് ഒരു കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്. സിനിമയെ ഒരു കലയോ, സംസ്‌കൃതിയോ ആയല്ല മറിച്ച് വെറും വില്‍പ്പനചരക്കായാണ് പല സംവിധായകരും കാണുന്നത്. സിനിമകള്‍ മാത്രമല്ല സീരിയലുകളടക്കം ഇത്തരം കച്ചവട സാധ്യതകളെയാണ് ഉപയോഗപ്പെടുത്തുന്നത്. മലയാളി പ്രേക്ഷകരുടെ ആസ്വാദനം നിലാവാരം താണതാണ് ഈ കച്ചവട സാധ്യത മുതലെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകന് ആസ്വദനശേഷി ചില ഏരിയകളില്‍ ഒതുങ്ങിപ്പോയി. അവര്‍ക്ക് താല്‍പര്യം ഒളിഞ്ഞുനോട്ടങ്ങളും, അവിഹിത ബന്ധങ്ങളും, സെക്‌സുമൊക്കെ പ്രമേയമാവുന്നതാണ്.

ലാല്‍ജോസ്, ടി.കെ രാജീവ് കുമാര്‍ തുടങ്ങിയ കഴിവുള്ള സംവിധായകരും പഴയ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങി എന്നതാണ് സങ്കടപ്പെടുത്തുന്നത്. എന്നാല്‍ പുതുമുഖ സംവിധായകരുടെ വ്യത്യസ്തമായ പരീക്ഷണങ്ങളും ഇവിടെ വിജയിക്കുന്നുണ്ട്. നല്ല സിനിമകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മലയാളി പ്രേക്ഷകരും ഇവിടെയുണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്. എങ്കിലും ഇവരുടെ പുത്തന്‍ സംരഭങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം മാധ്യമങ്ങളില്‍ നിന്നുപോലും ലഭിക്കുന്നില്ല. രതിനിര്‍വേദത്തിന് ലഭിച്ച പബ്ലിസിറ്റിയുടെ ഒരംശംപോലും സോള്‍ട്ട് ആന്റ് പെപ്പറിന് ലഭിച്ചിട്ടില്ല എന്നതാണ് ഇതിനെ ഏറ്റവും വലിയ ഉദാഹരണം.

കവിതാ ബാലകൃഷ്ണന്‍- ചിത്രകാരി, കലാവിമര്‍ശക

മലയാളസിനിമയില്‍ വിഷയദാരിദ്ര്യമുണ്ട് എന്നതിന്റെ ശക്തമായ തെളിവുകളാണ് അടുത്തിടെ പുറത്തിറങ്ങുന്ന റീമേക്കുകള്‍. സര്‍ഗാത്മകമായ ചിന്തയ്ക്ക് ആളുകള്‍ക്ക് സമയമില്ല എന്നതാണ് ഇതിന്റെ പിന്നിലൂള്ള പ്രധാനകാരണം. ജീവിതരീതികളെക്കുറിച്ചും അതിന്റെ സൂക്ഷ്മതകളെക്കുറിച്ചും ചിന്തിക്കാനോ മനസ്സിലാക്കാനോ ആളുകള്‍ ശ്രമിക്കുന്നില്ല. മലയാള സിനിമയില്‍ പുറത്തിറങ്ങിയ റീമേക്കുകളെല്ലാം സ്ത്രീകള്‍ സഹിക്കേണ്ടവളും ക്ഷമിക്കേണ്ടവളുമാണെന്ന കാഴ്ചപ്പാടുള്ളവയാണ്. നീലത്താമര പോലുള്ള ചിത്രങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്.

ആധുനികതയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. 1960 കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായിരുന്ന ഫ്യൂഡല്‍ മനോഭാവമാണ് ഈ ചിത്രങ്ങളില്‍ പ്രതിഫലിച്ചിരുന്നത്. അതേസമയം ജോണ്‍, കെ.ജി ജോര്‍ജ് മുതലായ പ്രതിഭകളുടെ സ്ത്രീക്ക് അംഗീകാരവും സ്വാതന്ത്ര്യവും നല്‍കുന്ന നല്ല ചിത്രങ്ങളും ഈ കാലഘട്ടങ്ങളിലുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ഇത്തരം സിനിമകള്‍ നമുക്കുമുന്നിലിരിക്കെ ഒരേ സമയം സമാന്തരസിനിമകളായിരിക്കുകയും മാടമ്പി സ്വഭാവം കാണിക്കുകയും ചെയ്ത നീലത്താമര, രതിനിര്‍വേദം പോലുള്ള ചിത്രങ്ങളാണ് റീമേക്കിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്യൂഡലിസത്തിന്റെ തേര്‍വാഴ്ചയാണ് ഇത്തരം ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോഴും പുരുഷാധിപത്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം സിനിമകളില്‍ കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സ്ത്രീ അല്‍പംകൂടി ലിബറലായിട്ടുണ്ട്. എന്നാല്‍ പുരുഷകേന്ദ്രീകൃതമായ സമൂഹം അതംഗീകരിക്കാന്‍ തയ്യാറല്ല. പത്രമാധ്യമങ്ങള്‍പോലും ഇതിനെ ക്രിമിനലൈസ് ആയിട്ടാണ് ചിത്രീകരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ സ്ത്രീ സംഘടനകള്‍പോലും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
മധ്യവര്‍ഗം ഒരിക്കലും സദാചാരസമ്പുഷ്ടമാകണമെന്നില്ല. എന്നാല്‍ ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും വിധേയയാകാതെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. കച്ചവടക്കണ്ണുകൊണ്ടു നോക്കുന്ന സിനിമ ഇത്തരം സ്ത്രീകളെ കാണാതെ പോകുന്നു. സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവളല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെടേണ്ടവളാണെന്ന തുറന്ന പ്രഖ്യാപനമാണ് ഈ ആധുനികയുഗത്തിലും ഫ്യൂഡല്‍ ചിന്താഗതിയുമായി നടക്കുന്ന സംവിധായകന്‍ നടത്തുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സിനിമകള്‍.

സ്ത്രീജീവിതം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ ലൈംഗികതയില്‍ ഊന്നിയുള്ള ദോഷവശങ്ങളെക്കുറിച്ച് മാത്രമാണ് സിനിമകള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ നെഗറ്റീവ് സെക്ഷ്വാലിറ്റിയില്‍നിന്നും വളരെയധികം വ്യത്യസ്തമായിട്ടുള്ള അനുഭവങ്ങളിലൂടെ സ്ത്രീജീവിതം കടന്നുപോകുന്നുണ്ട്. സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ടവളാണ് എന്ന ഫ്യൂഡലിസത്തിന്റെ പ്രഖ്യാപനങ്ങളായിട്ടുള്ള ഇത്തരം സിനിമകളെ അംഗീകരിക്കാനാവില്ല. ഒരുപാട് നല്ല സിനിമകള്‍ ചെയ്തു പരിചയമുള്ള സംവിധായകരാണ് ഇത്തരം പരീക്ഷണങ്ങളുമായി വരുന്നതെന്നത് മലയാളസിനിമയുടെ മൂല്യച്യുതിയെയാണ് കാണിക്കുന്നത്. ഇന്നത്തെ ചുറ്റുപാടില്‍ പുതിയ പ്രമേയങ്ങളുമായി വരുന്ന പുതുസംവിധായകരുമായി ഇവരെ തട്ടിച്ചുനോക്കുമ്പോള്‍ മലയാളസിനിമയില്‍ വിഷയദാരിദ്ര്യം ഉണ്ടാവുകയല്ല മറിച്ച ഉണ്ടാക്കുകയാണെന്ന തിരിച്ചറിവിലേക്ക് ഓരോ പ്രേക്ഷകനും എത്തിച്ചേരുന്നു.

സുധീര്‍ അമ്പലപ്പാട്-സംവിധായകന്‍

പഴയകാലത്ത് സിനിമകള്‍ കാണാനുള്ള സാഹചര്യങ്ങള്‍ പരിമിതമായിരുന്നു. അന്നിറങ്ങിയ പല മികച്ച ചിത്രങ്ങളും കാണാന്‍ പല പ്രേക്ഷകര്‍ക്കും അവസരം ലഭിച്ചിട്ടില്ല. ആ നിലക്ക് അക്കാലത്തെ ക്ലാസിക് ചിത്രങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ പഴയവുമായി താരതമ്യം ചെയ്യുമ്പോള്‍ റീമേക്ക് ചെയ്ത ചിത്രങ്ങള്‍ക്ക് വലിയ കലാമൂല്യമൊന്നുമില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ആ ചിത്രങ്ങള്‍ വന്ന കാലഘട്ടവും ഇന്നും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അന്നത്തെ പ്രേക്ഷകനും സമൂഹവുമല്ല ഇന്നത്തേത്. ഇന്നത്തെ സമൂഹത്തിന്റെ മാനസികാവസ്ഥയ്ക്കനുസരിച്ച് സിനിമയെ മാറ്റിയെടുക്കാന്‍ പുതിയ സംവിധായകര്‍ക്കുമാവുന്നില്ല.

പഴയ കാലത്ത് ഹിറ്റ് സിനിമകളാണ് റീമേക്ക് ചെയ്യുന്നത് എന്നതിനാല്‍ ഇതിന്റെ മാര്‍ക്കറ്റിംഗ് സെയ്ഫാണ്. കൊമേഴ്‌സ്യലായി വിജയിക്കും എന്ന ഉറപ്പുള്ള സിനിമകള്‍ മാത്രമേ റീമേക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നുള്ളൂ. രതിനിര്‍വേദത്തിന്റെ കാര്യം തന്നെയെടുക്കാം. അതിന്റെ നിര്‍മ്മാതാവായ സുരേഷ്‌കുമാറാണ് രതിനിര്‍വേദം റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി രാജീവ് കുമാറിനെ സമീപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ അതിനുകഴിഞ്ഞിട്ടുമില്ല.

പ്രമേയത്തിലും ആവിഷ്‌കാര രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്ന ചില ചിത്രങ്ങള്‍ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അതിന് പ്രേക്ഷകരുടെ ശക്തമായ പിന്തുണയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാവാം റീമേക്ക് ചെയ്യുമെന്ന പ്രഖ്യാപിച്ചിരുന്ന ചില ചിത്രങ്ങളില്‍ നിന്നും സംവിധായകര്‍ പിന്മാറിയത്.

7 Responses to “റീമേക്കുകള്‍ക്ക് കാരണം പ്രമേയ ദാരിദ്ര്യമോ?”

 1. k.t.baburaj

  മലയാള സിനിമ വിഷയ ദാരിദ്ര്യം നേരിടുന്നു എന്നൊക്കെ പറയുന്നത് ഒരു അന്ധവിശ്വാസമാണ് .നല്ല ഒരു കഥയുമായി ആരെങ്കിലും ചെല്ലട്ടെ അപ്പോള്‍ കാണാം ….ആത്മാര്‍ഥതയുള്ള കുറച്ചു പിള്ളേര്‍ സിനിമയെടുക്കുന്നുണ്ട് .അത് പലതും വിജയിക്കുന്നുമുണ്ട് .പലരും നിര്‍മ്മാതാവാകുന്നത് നല്ല സിനിമ ഉണ്ടാക്കനാണെന്ന് വിചാരിച്ചാല്‍ …അയ്യോ കഷ്ട്ടം എന്ന് സിനിമയെ അറിയുന്നവര്‍ ചിരിക്കും .കള്ളപ്പണം വെളുപ്പിക്കാനുള്ള നല്ല ഇടമാണ് സിനിമ.ഏതൊക്കെ നടികളെ കാസ്റ്റ് ചെയ്യുന്നു എന്നതാണ് അതിലും പ്രധാനം . സിനിമയിലെ സെക്സ് മാത്രമല്ല സിനിമക്ക് പിറകിലെ സെക്സ് ഉം പ്രധാനപ്പെട്ട വിഷയമാണ് .കോടികള്‍ മുടക്കി രതി ലീലകളില്‍ അഭിരമിക്കുന്ന ന്നിര്‍മ്മാതക്കളില്‍ പലര്‍ക്കും സിനിമ പൊട്ടുന്നത് ഒരു വിഷയമല്ല .ഇതേ ലോകത്ത് തന്നെയാണ് ജോണ്‍ എബ്രഹാം സാധാരണക്കാരില്‍ നിന്നും പത്തും നൂറും പിരിച്ചു സിനിമ ഉണ്ടാക്കിയതെന്നോര്‍ക്കണം

 2. Stanley Thomas

  നല്ല ഡിസ്കഷന്‍ തന്നെ..ഇനിയെങ്കിലും മലയാള സിനിമ നന്നാവുമോ?

 3. lalapen

  പോട്ടെ നല്ല ഒരു സെനെമ അരഗേലും പെരെച്ചല്ലോ ഫാന്ചെ കാരെ അത് ത്കെകണ സെമ്മേകുന്ല്ല് അതെനല്ലം രേസം കുടുതല്‍ കാണുതും മലയാളം സെനെമ യെലാണ്

 4. Ramshad

  നല്ല സിനിമകള്‍ കാണാന്‍ ആളുകള്‍ ഉണ്ടാവും … അത് remake ആണോ എന്ന് നോക്കേണ്ട കാര്യം ഇല്ലല്ലോ………… കഥകള്‍ ‍ സിനിമ ആകുന്നത്‌ പോലെ ഒരു different version experience അത്ര മാത്രം…………

 5. deepu thottathil

  എന്തായാലും മലയാളിയുടെ മനശാസ്ത്രം ശരിക്കും മനസിലാക്കിയവരനീ രിമെക്കുകാര്‍.ഒരു പഴയക്കാല സംവിതയകന്റെ സിനിമകണ്ട അഭിമാനവും,ഒപ്പം ഒരു ശക്കീലപടം കണ്ട സുഗവും.

 6. RAJAN Mulavukadu.

  മലയാള സിനിമയില്‍ റിമേക്കുകള്‍ ഉണ്ടാകുന്നതിനു പ്രധാനകാരണം വിഷയ ദാരിദ്ര്യം ഒന്ന് മാത്രമാണ്, കഥ അറിയുന്നവനു എഴുതാന്‍ അറിയില്ല,എഴുതാന്‍ അറിയുന്നവനു കഥ അറിയില്ല,ഇതു രണ്ടും അറിയുന്നവനു അവസരങ്ങള്‍ മലയാള സിനിമയില്‍ ആരും കൊടുക്കാറില്ല!!!!!
  ഇപ്പോള്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന തിരകഥ കൃത്തുക്കള്‍ മറ്റു ഭാഷകളിലെ സിനിമകള്‍ കണ്ടിട്ട് കഥ ഉണ്ടാക്കിയാലും മതി,വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രിയന്‍,എസ എന്‍ സ്വാമി,അങ്ങിനെ പലരും മറ്റു ഭാഷകളിലെ സിനിമകളില്‍ നിന്നും,നോവലുകളില്‍ നിന്നും,കഥകള്‍ കടം എടുത്തു അവരുടെ ഭാവനയും,കൂട്ടി , മലയാളികരിച്ചു സിനിമ നിര്‍മിച്ചിരുന്നു.അതൊക്കെ ഹിറ്റും ആയിരുന്നു.അത്തരം പ്രവണതകള്‍ മാത്രം, പത്തു പേര്‍ പിന്‍ തുടര്‍ന്നാല്‍ മലയാള സിനിമയില്‍ ഒരു റീമേക്കും വേണ്ട.
  മലയാള സിനിമയില്‍ റീമേക്ക് ആവശ്യം ഇല്ല, കാരണം
  പണ്ട് വളരെ ചെറിയ ബട്ജെടില്‍ നിര്‍മിച്ച സിനിമകള്‍ എന്ന് കോടികള്‍ മുടക്കി പുനര്നിര്‍മിക്കേണ്ട കാര്യം ഇല്ല.
  അതിനു പകരം ആ സിനിമകള്‍ ഇന്നത്തെ ആസ്വധന രീതിയില്‍ സി ഡി യോ,വി സി ടിയോ, പുതിയ പ്രിടോ ആക്കി ഇറക്കിയാല്‍ അന്ന് കിട്ടിയ അതെ വികാരം,അതെ രൂപത്തില്‍,അതെ അണിയറ പ്രവര്തകരിലൂടെ ഇന്നു എല്ലാ കാണികളിലും കിട്ടും.
  ചിലവും കുറയും.നഷ്ട്ടങ്ങളുടെ കണക്കു പറയാന്‍ ഒരു നിര്‍മാതാവും തയ്യാറാകുകയും ഇല്ല.

 7. RAJAN Mulavukadu.

  വി സി ഡി അല്ല ഡി വി ഡി എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു.
  വിഷയ ദാരിദ്ര്യം എന്നത് വക്തികല്‍ക്കാന്,
  മറിച്ചു സമൂഹത്തില്‍ വിഷയം ഇല്ല എന്നല്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.