ലക്‌നൗ: വാലന്റൈന്‍സ് ദിനത്തില്‍ ക്യാംപസിന് അവധി കൊടുത്ത് ലക്‌നൗ സര്‍വകലാശാല. നാളെ വിദ്യാര്‍ത്ഥികളാരും സര്‍വകലാശാലയില്‍ എത്തേണ്ടതില്ലെന്ന് വി.സി സര്‍ക്കുലര്‍ ഇറക്കി.

അവധി പ്രഖ്യാപിച്ച ദിവസം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കണ്ടാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Subscribe Us:

‘ കുറച്ച് വര്‍ഷങ്ങളായി പാശ്ചാത്യ സംസ്‌കാരം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനം ആഘോഷിച്ചുവരികയാണ്. എന്നാല്‍ ശിവരാത്രി പ്രമാണിച്ച് ഈ ദിവസങ്ങളില്‍ സര്‍വകലാശാലയ്ക്ക് അവധിയായിരിക്കും.’

സര്‍വകലാശാലയ്ക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേദിവസം പരീക്ഷകളോ മറ്റ് ഔദ്യോഗിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാലയുടെ മുഖ്യ ഭരണാധികാരി വിനോദ് സിംഗാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചിട്ടുള്ളത്.

അതേസമയം സര്‍വകലാശാലയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അവധി നല്‍കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും ക്യാംപസില്‍ പ്രവേശിക്കരുതെന്ന് പറയാന്‍ അധികാരമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ പൂക്കളോ മറ്റ് സമ്മാനങ്ങളോ ക്യാമ്പസില്‍ കൊണ്ടുവരുന്നത് സര്‍വകലാശാല വിലക്കിയിരുന്നു.