ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം,തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി എന്നിവരെ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ ആലോചിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ശ്രീലങ്കന്‍ പട്ടാളത്തിന്റെ പിടിയിലായ എല്‍.ടി.ടി.ഇ അംഗങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.ടി.ടി.ഇ പുരുജ്ജീവിപ്പിച്ചുകൊണ്ടാണ് ആക്രമണത്തിന് ആസൂത്രണം നടക്കുന്നത്. നേതാക്കള്‍ തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 1991ല്‍ എല്‍.ടി.ടി.ഇ ആക്രമണത്തില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി കൊല്ലപ്പെട്ടിരുന്നു. അടുത്ത മാസം ചില ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തമിഴ്‌നാട്ടിലെത്തുന്നുണ്ട്.

അതേസമയം സ്‌പെ്ര്രക്ടം ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും ഡി.എം.കെയും പ്രതിസന്ധിയിലായ സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നതെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാറിന് വിരുദ്ധമായി ഉണ്ടാവുന്ന ജനവികാരത്തെ ശമിപ്പിക്കാനുള്ള നീക്കമായും റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നവരുണ്ട്.

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ കൊലപാതകം എല്‍.ടി.ടി.ഇ ഇയുടെ ഭാഗത്തുനിന്നുമുണ്ടായ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് മുന്‍ എല്‍.ടി.ടി.ഇ കമാണ്ടറും ഇപ്പോഴത്തെ പുനരധിവാസ മന്ത്രിയുമായ കരുണ അമ്മന്‍ അഭിപ്രായപ്പെട്ടിരുന്നു.