ന്യൂ ദല്‍ഹി: സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടി സ്പീക്കര്‍ വേണ്ടെന്നു വെച്ചു. സെന്നിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ച സാഹചര്യത്തിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേണ്ടെന്ന് വെച്ചത്.

സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ പാസ്സായ ശേഷം ലോക്‌സഭ പ്രമേയം പരിഗണിക്കാനിരിക്കെ നാടകീയമായി സെന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സെന്നിന്റെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി തള്ളിയിരുന്നു. ശേഷം സെന്‍ പുതുതായി നല്‍കിയ രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു.

ഇതോടെ സെന്നിനെതിരായ ഇംപീച്ചമെന്റ് നടപടികള്‍ തുടരുന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരുന്നു. സെന്നിനെതിരായ നടപടികള്‍ തുടരുന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രസര്‍ക്കാറും അറ്റോര്‍ണറി ജനറലിന്റെ ഉപദേശം തേടിയിരുന്നു. നടപടികള്‍ തുടരാം എന്നായിരുന്നു എ.ഡിയുടെ മറുപടി. തുടര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കുന്നതിനായി ലോക്‌സഭാ സ്പീക്കറുടെ തീരുമാനത്തിന് വിടുകയായിരുന്നു.

പശ്ചിമബംഗാളില്‍ അഭിഭാഷകനായിരിക്കെ രണ്ട് പൊതുമേഖലാ കമ്പനികളുടെ തര്‍ക്കത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം റിസീവറായി ചുതമലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തി എന്നതാണ് സെന്നിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.