lpgന്യൂദല്‍ഹി: രാജ്യത്തെ സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിച്ച് എല്‍.പി.ജി, മണ്ണെണ്ണ സബ്‌സിഡി എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2011 മാര്‍ച്ച് 31ഓടെ സബ്‌സിഡിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍തിരിയാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതോടെ മണ്ണെണ്ണയുടെ വില മൂന്നിരട്ടിയിയായും പാചക വാതക വില രണ്ടിരട്ടിയായും വര്‍ധിക്കും.

സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ മണ്ണെണ്ണയുടെ വില നിലവിലെ മാര്‍ക്കറ്റ് അനുസരിച്ച് 50 രൂപയായും പാചക വാതക സിലിണ്ടറിന്റെ വില 675 രൂപയായും വര്‍ദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം പ്രതിമാസം 2 ലിറ്റര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ ലഭിക്കും.

രാജ്യത്ത് സര്‍ക്കാര്‍ സബ്‌സിഡികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ തീരുമാനം സ്വകാര്യ കമ്പനികളെയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ പൊതുമേഖല കമ്പനികളോട് മത്സരിക്കാന്‍ സ്വകാര്യ മേഖലക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സബ്ഡിഡി എടുത്ത് മാറ്റുന്നതോടെ ഈ സ്ഥിതി മാറും. ഇതോടെ അന്താരാഷ്ട്ര വിലക്കനുസൃതമായി എല്‍.പി.ജി, മണ്ണെണ്ണ വിലയിലും മാറ്റമുണ്ടാകും.

അതേസമയം സബ്‌സിഡി എടുത്ത് മാറ്റുന്നതിന്റെ മുന്നോടിയായി അടുത്ത മാസം ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ കീഴിലുള്ള ഇന്ധനവില നിര്‍ണയ മന്ത്രിതല സമിതി ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ജൂണ്‍ 9ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡീസല്‍ വില ലിറ്ററിന് രണ്ടു മുതല്‍ മൂന്ന് രൂപാ വരെയും പാചക വാതക വില സിലിണ്ടറിന് 34 രൂപയുമാണ് വര്‍ധിപ്പിക്കുക. ഡീസലിന്റെ വില വര്‍ധിപ്പിക്കുന്നത് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ടാക്കും.

കേന്ദ്ര സര്‍ക്കാര്‍ മെയ് 15ന് പെട്രോളിന്റെ വില 5 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡീസലിനും പെട്രോളിനും വില നിശ്ചയിക്കാനുള്ള അധികാരം ഇന്ധന കമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കുതിച്ചുയരുകയാണ്.

വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ കുറച്ച് മാത്രം ഉപയോഗിക്കാന്‍ ജനങ്ങള്‍ ശീലിക്കണമെന്നാണ് ഇന്ധന സബ്‌സിഡി എടുത്ത് മാറ്റുന്നതിനോടുള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് കൗശില്‍ ബസു പ്രതികരിച്ചത്. രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ട് വരണമെന്നും ചെറുകിട കര്‍ഷകര്‍ കരാര്‍ കൃഷിയെ ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.