ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള സിലിണ്ടറുകള്‍ക്കാണ് സര്‍ക്കാര്‍ വില വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 148 രൂപയുമാണ് വര്‍ധിപ്പിച്ചത്.


Also read ഇനി തമിഴ്‌നാട്ടില്‍ പെപ്‌സിയും കൊക്കക്കോളയും ഇല്ല; വ്യാപാരി സംഘടനകളുടെ വില്പന നിരോധനം ഇന്നുമുതല്‍ 


ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വിലവര്‍ധനവാണ് എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയത്. പുതുക്കിയ വില പ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 764.50 രൂപ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. കഴിഞ്ഞ മാസവസാനം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ളവയ്ക്ക് 65.91 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് 90 രൂപ വീണ്ടും കൂട്ടിയിരിക്കുന്നത്.

പുതുക്കിയ വില പ്രകാരം വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ ലഭിക്കാന്‍ ഇനി 1386 രൂപയാണ് നല്‍കേണ്ടി വരിക. ആഗോള വിപണിയിലെ ക്രൂഡോയില്‍ വിലവര്‍ധിച്ചതാണ് പാചകനാതകത്തിനും വില കൂടാനുള്ള കാരണമെന്ന് പറയുമ്പോഴും അടുത്തിടെയുണ്ടാകുന്നു വിലവര്‍ധനവ് വ്യാപക പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്.

സര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെ സാധരണ ജനതയ്ക്ക് ഇരട്ട പ്രഹരമാവുകയാണ് പാചകവാതകത്തിന്റെ ക്രമാതീതമായ വിലവര്‍ധനവ്.