കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ധിപ്പിച്ചതിന്റെ പ്രതിഷേധം പുകയുന്നതിനിടെ ഡീസലിന്റേയും പാചകവാതകത്തിന്റേയും വില കൂട്ടാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി വിഷയം അടുത്തയാഴ്ച്ച പരിഗണിക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ തനിനിറം കാട്ടിയത്. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപാ വര്‍ധിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ ഈ വര്‍ധനകൊണ്ടൊന്നും തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നാണ് കമ്പനികളുടെ വാദം. അതുകൊണ്ടുതന്നെ ഇന്ധനവില ഇനിയും കുതിച്ചുകയറാനാണ് സാധ്യത.

ഡീസലിന്റേയും പാചകവാതകത്തിന്റേയും വിലയും വര്‍ധിക്കുമെന്ന് തന്നെയാണ് പ്രണാബ് മുഖര്‍ജി സൂചന നല്‍കിയിട്ടുള്ളത്. പെട്രോള്‍ വിലവര്‍ധനവിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. വിലനിയന്ത്രണം സര്‍ക്കാറിന്റെ കൈയ്യിലല്ലെന്നും എണ്ണക്കമ്പനികളുടെ തീരുമാനം അന്തിമമെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്.