എഡിറ്റര്‍
എഡിറ്റര്‍
ഗ്യാസ് സിലിണ്ടറുകള്‍ വീടുകളിലെത്തിക്കുന്ന തിരക്കിനിടയില്‍ അച്ഛനറിഞ്ഞു റിങ്കു ഐ.പി.എല്‍ ലേലത്തില്‍ താരമായ വാര്‍ത്ത
എഡിറ്റര്‍
Wednesday 22nd February 2017 5:01pm

 

 

അലിഗഢ്: ഐ.പി.എല്‍ പത്താം സീസണിലേക്കുള്ള താരലേലം അവസാനിച്ചതോടെ നിരവധി സൂപ്പര്‍ താരങ്ങളായിരുന്നു നിരാശരായത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ഇശാന്ത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര തുടങ്ങിയ നിരവധി പേര്‍ക്കായിരുന്നു ഇത്തരത്തില്‍ നിരാശരാകേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ കായികലോകം ചര്‍ച്ചചെയ്യുന്നത് മറ്റു ചില താരങ്ങളുടെ കടന്നു വരവിനെക്കുറിച്ചാണ് ഇല്ലായ്മകളോട് പടപൊരുതിയെത്തിയ ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജും തമിഴ്‌നാട്ടുകാരനായ നടരാജും ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ഇപ്പോഴിതാ അലിഗഢില്‍ നിന്നുള്ള റിങ്കു സിങ്ങും വാര്‍ത്തകളില്‍ നിറയുകയാണ്.


Also read കുട്ടിക്കളിയല്ല; എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ ഒറിജിനലിനെ വെല്ലുന്ന രണ്ടായിരവുമായി ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ 


അലിഗഢില്‍ നിന്നുള്ള 19കാരനായ റിങ്കു സിങ്ങിന്റെ സ്വ്പനങ്ങള്‍ക്ക് ചിറക് നല്‍കിയിരിക്കുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. 10ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ ബാറ്റ്‌സ്മാനെ സ്വന്തമാക്കിയത്.

ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്താണ് റിങ്കുവിന്റെ പിതാവ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. അച്ഛന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പരിസരത്ത് തകര കൊണ്ട് മറച്ചുണ്ടാക്കിയ വീട്ടിലാണ് റിങ്കു ഉള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് റിങ്കുവിനായി പത്ത് ലക്ഷം ലേലത്തില്‍ മുന്നോട്ട് വച്ചത്.

2009 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ റിങ്കു ഉത്തര്‍പ്രദേശിനായി അണ്ടര്‍-16, 19 ടീമുകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. അണ്ടര്‍ 19 വിഭാഗത്തില്‍ ആഗ്രയില്‍ നടന്നമത്സരത്തില്‍ 154 റണ്‍സ് നേടിയതോടെയാണ് ക്രിക്കറ്റ് കേന്ദ്രങ്ങളുടെ കണ്ണ് റിങ്കുവിലും എത്തുന്നത്. വിജയാ ഹസാരെ ട്രോഫിയിലും രഞ്ജി മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത റിങ്കുവിനെ കണ്ടില്ലെന്നു നടിക്കാന്‍ ടീമുകള്‍ക്ക് കഴിയില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

റിങ്കുവിനെ ലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കിയതറിഞ്ഞ് നിരവധിയാളുകളാണ് താരം പരിശീലനം നടത്താറുള്ള ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം തടിച്ച് കൂടിയത്. ‘എന്റെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നു യാഥാര്‍ത്ഥ്യമായി, ഇന്ത്യയുടെ നീല ജഴ്‌സിയില്‍ കളിക്കുക എന്ന സ്വപ്‌നമാണ് ഇനി എന്റെ മുന്നിലുള്ളതെന്നായിരുന്നു’ ടീം സെലക്ഷനെക്കുറിച്ചുള്ള റിങ്കുവിന്റെ പ്രതികരണം.

‘ഞങ്ങളുടെ മകന്‍ ഐ.പി.എല്ലില്‍ കളിക്കാനൊരുങ്ങുകയാണിപ്പോള്‍, അവന്റെ കഴിവുകള്‍ നാളെ അവനെ ദേശീയ ടീമിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന്’ റിങ്കുവിന്റെ അച്ഛനും പ്രതീക്ഷ പങ്കുവെച്ചു. റിക്ഷാ തൊഴിലാളിയുടെ മകനായ സിറാജും തമിഴ്‌നാട്ടുകാരനായ നടരാജിനെയും പോലെ ദേശീയ ടീമില്‍ കളിക്കുക എന്ന സ്വപ്‌നം കാണുകയാണ് റിങ്കുവും ഇപ്പോള്‍. ഒപ്പം ദാരിദ്രത്തില്‍ നിന്നും തങ്ങളുടെ കുടുംബത്തിന്റെ മോചനവും.

Advertisement