എഡിറ്റര്‍
എഡിറ്റര്‍
ലോ ബജറ്റില്‍ വിരിഞ്ഞ ഹിറ്റുകള്‍
എഡിറ്റര്‍
Saturday 18th August 2012 11:01am

2012ലെ ആദ്യഹിറ്റ് എന്ന ബഹുമതി നേടിയത് മമ്മൂട്ടി പുത്രന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ്‌ഷോ ആയിരുന്നു. പുതുവര്‍ഷത്തില്‍ ഇറങ്ങി തകര്‍ന്നടിഞ്ഞ ആറോളം ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് സെക്കന്‍ഡ്‌ഷോ വിജയം കണ്ടത്. കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരുകൂട്ടം യുവപ്രതിഭകളെ പരിചയപ്പെടുത്തിയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ വിജയം കണ്ടു. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ഗൗതമി നായര്‍ തുടങ്ങി ഒരു കൂട്ടം യുവ അഭിനേതാക്കളുടെ വരവറിയിക്കുന്ന ചിത്രംകൂടിയായി സെക്കന്‍ഡ് ഷോ.

Ads By Google

കോക്‌ടെയില്‍ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ‘ഈ അടുത്തകാലത്ത്’ സിദ്ധാര്‍ത്ഥ് ഭരതന്റെ ‘നിദ്ര’ എന്നീ ചിത്രങ്ങളും മലയാളസിനിമയ്ക്ക് ഫെബ്രുവരിയുടെ സംഭാവനകളായിരുന്നു. മുരളിഗോപി തിരക്കഥയെഴുതി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്തകാലത്ത്’ നവധാരാ സിനിമകളോട് കൈകോര്‍ത്ത ചിത്രമായിരുന്നു. സാമ്പത്തിക ലാഭത്തേക്കാള്‍ മികച്ച ചിത്രമെന്ന പേര് നേടാന്‍ ഈ ചിത്രത്തിനായി. ഇന്ദ്രജിത്ത്, മൈഥിലി എന്നീ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനവും ചിത്രത്തിന്റെ പ്ലസ്‌പോയിന്റായി.

അച്ഛന്റെ പേര് ചീത്തയാക്കില്ലെന്ന് മകന്‍ തെളിയിച്ച ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര.’ എണ്‍പതുകളില്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കുമായാണ് ഭരതപുത്രന്‍ തിയേറ്ററുകളിലെത്തിയത്. സിദ്ധാര്‍ത്ഥിന്റെയും റിമയുടെയും മിന്നുന്ന പ്രകടനത്തിനൊപ്പം മികച്ച സംവിധാനവും ചേര്‍ന്നപ്പോള്‍ വാണിജ്യനേട്ടത്തിനപ്പുറം നല്ല സിനിമയെന്ന പേരു നേടാന്‍ നിദ്രയ്ക്കു കഴിഞ്ഞു.

2012ലെ ആദ്യഹിറ്റ് സെക്കന്‍ഡ്‌ഷോ ആണെങ്കില്‍ സൂപ്പര്‍ഹിറ്റ് ഓര്‍ഡിനറിയാണ്. പ്രേക്ഷകരുടെ കണ്ണിനും മനസിനും ഒരുപോലെ വിരുന്നൊരുക്കിയ സിനിമയായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകരായി അഭിനയിച്ച പുതുമുഖ സംവിധായകന്‍ സുഗീതിന്റെ ഓര്‍ഡിനറി. ഗവി എന്ന ഗ്രാമത്തിന്റെ ഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ചിത്രം വളരെ സാധാരണമായ കഥയായിരുന്നു പറഞ്ഞത്. ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, ബാബുരാജ് എന്നീ താരങ്ങളുടെ അഭിനയ മികവിനൊപ്പം മികച്ച ക്യാമറാക്കാഴ്ചകള്‍കൂടി ചേര്‍ന്നപ്പോള്‍ ഓര്‍ഡിനറി എക്‌സ്ട്രാ ഓര്‍ഡിനറിയായി മാറി.

പഴയ ഫോര്‍മുലയില്‍ പടച്ചുണ്ടാക്കിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അരോചകമായ ഹാസ്യരംഗങ്ങളുമുള്ള ദിലീപിന്റെ ജോസ് തോമസ് സംവിധാനം ചെയ്ത മായാമോഹിനി നിലവാരത്തില്‍ ശരാശരിക്ക് താഴെയായിരുന്നെങ്കിലും പ്രേക്ഷകരെ തിയേറ്ററിലെത്തിച്ചു.

തിയേറ്ററുകളില്‍ ചലനമുണ്ടാക്കിയ ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്ത ’22 ഫീമെയില്‍ കോട്ടയം’ ധീരമായ ഒരു പരീക്ഷണം തന്നെയായിരുന്നു. 22കാരി കോട്ടയം പെണ്‍കുട്ടിയുടെ പ്രതികാരത്തിന്റെ കഥ മറകളില്ലാതെ പറഞ്ഞപ്പോള്‍ കേരളത്തിലെ യുവത്വം ചിത്രത്തെ നെഞ്ചോട് ചേര്‍ത്തു.

Advertisement