ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാ റാണി (21) യുടെ പ്രണയവിവാഹം കോടതിയിലേക്ക്. വിദ്യയെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി വീട്ടുതടങ്കലിലിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് മരിയ ദീപക് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

വിദ്യയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് സത്യനാരായണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

രണ്ടുവര്‍ഷത്തിലധികമായി താനും വിദ്യയും തമ്മില്‍ പ്രണയത്തിലാണെന്ന് ദീപക് പരാതിയില്‍ പറയുന്നു. താന്‍ ലൊയോള കോളേജിലും, റാണി വുമണ്‍സ് ക്രിസ്റ്റിയന്‍ കോളേജിലും പഠിക്കുന്ന സമയത്താണ് പ്രണയം മൊട്ടിട്ടത്. 2011 മാര്‍ച്ചില്‍ 30ന് തങ്ങള്‍ വിവാഹിതരായി. ഏപ്രില്‍ 23 ന് കോടമ്പക്കത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ദീപക് പറയുന്നു.

ആഗസ്റ്റ് 25ന് സേലം ജില്ലയിലെ മച്ചേരിയുള്ള വീരപ്പന്റെ സമാധിയില്‍ നടന്ന ഒരുപരിപാടിക്കായി മുത്തുലക്ഷ്മി വിദ്യയെ വിളിച്ചുകൊണ്ടുപോയി. അതിനുശേഷം റാണി എവിടെയാണെന്ന് തനിക്കറിയില്ല. താന്‍ ക്രിസ്തുമത വിശ്വാസിയായതിനാല്‍ വിവാഹത്തിന് മുത്തുലക്ഷ്മി എതിര്‍പ്പുണ്ടായിരുന്നെന്നും അതിനാലാണ് അനധികൃതമായി വിദ്യയെ തടഞ്ഞുവെക്കുന്നതെന്നും ദീപക് ആരോപിക്കുന്നു.

ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്ന് മുത്തലക്ഷ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ തന്നെ ഈ പ്രശ്‌നം തങ്ങളെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും തന്റെ മകളുടെ മനസിനെ വേദനിപ്പിക്കുമെന്നതിനാല്‍ ഇനിയിത് വിവാദമാക്കരുതെന്നും അവര്‍ വ്യക്തമാക്കി.