കൊച്ചി: ക്യാമ്പസുകളില്‍ പ്രണയത്തിലൂടെ പ്രലോഭിപ്പിച്ച് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന ‘ലൗ ജിഹാദ്’ അന്വേഷിക്കണമെന്ന ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്റെ ആവശ്യം ഹിന്ദു തീവ്രവാദികളുടെ ആരോപണത്തെ സാമാന്യ വത്കരിക്കലാണെന്ന് കേരള ഇമാം കൗസില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സങ്കുചിത ചിന്താഗതിയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ പുതിയ കണ്ടെത്തലാണ് ലൗ ജിഹാദ്. സാമൂഹ്യസുരക്ഷിതത്വത്തിനുള്ള ഇസ്‌ലാമിന്റെ സംവിധാനമായ ജിഹാദിനെ ക്യാമ്പസിലെ അപക്വമായ പ്രേമങ്ങളും വിവാഹങ്ങളുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമാണെന്നും ഇവര്‍ പറഞ്ഞു.

ഇത്തരത്തില്‍ പദപ്രയോഗം നടത്തിയത് കോടതി തിരുത്തണം. സത്യസന്ധവും മുന്‍വിധിയില്ലാത്തതുമായ ഏത് അന്വേഷണത്തെയും സംഘടന സ്വാഗതം ചെയ്യുന്നു. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ചൂഷണം ചെയ്തു നടത്തുന്ന സംഘടിത മതപരിവര്‍ത്തനങ്ങള്‍ക്കു മറയിടാനാണ് ചില കേന്ദ്രങ്ങള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചയെ ഇമാംസ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരള ഇമാംസ് കൗണ്‍സില്‍ ചെയര്‍മാന്‍ കരമന അശ്‌റഫ് മൗലവി, സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുസ്സത്താര്‍ മൗലവി പങ്കെടുത്തു.