തിരുവനന്തപുരം: ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം നിയമസഭയില്‍ വീണ്ടും കത്തിപ്പടരുന്നു. ലോട്ടറിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ലോട്ടറിവിഷയവുമായി ബന്ധപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തരപ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചു.

മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിന് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് സതീശന്‍ ആരോപിച്ചു. ഇതാണ് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം ഇതുവരെ കത്തയച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടി മാപ്പു പറയണം’

ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധി മാനിക്കാത്ത പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ അവഗണിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടമലയാര്‍ കേസില്‍ തന്റെ ഓഫീസ് ഇടപെട്ടുവെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. കേസില്‍പ്പെട്ട ആരെയെങ്കിലും സ്വാധീനിച്ചതിന്റെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.