കൊച്ചി: ലോട്ടറിക്കേസില്‍ സര്‍ക്കാരിനുനേരെ ശക്തമായി ചോദ്യങ്ങളുമായി ഹൈക്കോടതി. സമ്പൂര്‍ണ ലോട്ടറി നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ലേ? ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ലോട്ടറി നിരോധിക്കുന്നതല്ലേ നല്ലത്? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനു നേരെ ഉയര്‍ത്തി.

ചാരായ നിരോധനം നടപ്പിലാക്കിയതുപോലെ ലോട്ടറി നിരോധനവും നടപ്പിലാക്കിക്കൂടേ. ചാരായം നിരോധനം നടപ്പിലാക്കിയപ്പോള്‍ ഫലപ്രദമായ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. അതുപോലെ ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പുനരധിപ്പിക്കാന്‍ കഴിയില്ലേ- കോടതി കൂട്ടിച്ചേര്‍ത്തു.

ലോട്ടറി വിഷയത്തില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ജസ്റ്റിസ് അബ്ദൂള്‍ റഷീദാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

ലോട്ടറി നിരോധനം കേരളത്തില്‍ നടപ്പിലാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വ്യാജ ലോട്ടറികള്‍ വ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്. കേസിലെ സര്‍ക്കാരിന്റെ വാദം പത്തിന് തുടരും. പതിമൂന്നുമുതല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ മറുപടി തുടരും. ഇരുപതിനകം ലോട്ടറി വിഷയത്തില്‍ കോടതി ഉത്തരവ് പുറപ്പെടിവിക്കുമെന്നാണ് കരുതുന്നത്.