കൊച്ചി:  ലോട്ടറിക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പരാതിയെക്കുറിച്ച് കൂടിയാലോചനകള്‍ നടത്താന്‍ വേണ്ടിയാണ് സമയം ആവശ്യപ്പെട്ടത്.

‘ഭൂട്ടാന്‍ ലോട്ടറി ഭൂട്ടാന്‍ സര്‍ക്കാരിന്റെ വ്യാപാര ഉടമ്പടി പ്രകാരമാണ് നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച സംസ്ഥാനത്തിന്റെ പരാതിയെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വിദേശ, വാണിജ്യ നിയമ മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കേണ്ടുതുണ്ട്.’ കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡ്വ: അജിത് പ്രകാശ് ബോധിപ്പിച്ചു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സും മറ്റും സമര്‍പ്പിച്ച ഹരജിയാണു ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം പരിഗണിക്കുന്നത്.

മേഘയെ പ്രമോര്‍ട്ടറായി അംഗീകരിച്ചു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുള്ള സാഹചര്യത്തില്‍ ലോട്ടറി ബിസിനസ് അനുവദിക്കണമെന്നും ഹരജി ഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ലോട്ടറി നിയന്ത്രണ നിയമത്തിന് അനുസൃതമാണ് ഓര്‍ഡിനന്‍സിലെ നിയമങ്ങളെന്നു സര്‍ക്കാരിനുവേണ്ടി അഡ്വ. നിതീഷ് ഗുപ്ത ബോധിപ്പിച്ചു.