mla driver handcuffedഷാര്‍ജ: ടെലഫോണ്‍ ലോട്ടറി അടിച്ചു എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ഷാര്‍ജയില്‍ പിടിയിലായി. നിരവധി പേരില്‍ നിന്നായി വന്‍ തുക തട്ടിയ ആറംഗ പാക്കിസ്ഥാനി സംഘമാണ് ഷാര്‍ജ പോലീസിന്റെ വലയിലായത്. ഇതിസലാത് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഉപഭോഗ്താകളെ ഫോണില്‍ വിളിച്ചു ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെ സമ്മാനം അടിച്ചുവെന്നുവിശ്വസിപ്പിക്കുകയും വന്‍ തുകയുടെ റീചാര്‍ജു കാര്‍ഡുകള്‍ ആവശ്യപ്പെടുകയുമായിരുന്നു ഇവരുടെ രീതി.

വര്‍ഷങ്ങളായി തുടരുന്ന ഈ തട്ടിപ്പിന്റെ പേരില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്യുന്ന സാഹഹര്യത്തില്‍ നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്. നിരവധി സിം കാര്‍ഡുകള്‍ മാറ്റി വിളിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ താമസ സ്ഥലം പരിശോധിച്ച അന്വേഷണ സംഘത്തിനു അനവധി ഫോണുകളും സിം കാര്‍ഡുകളും ലഭിച്ചു. ലഭിക്കുന്ന ക്രഡിറ്റ് സംഖ്യ ആവശ്യക്കാര്‍ക്ക് വില കുറച്ചു നല്‍കിയാണ് ഇവര്‍ പണം സമ്പാദിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സംഘ തലവനാണ് മറ്റു അഞ്ചു പേര്‍ക്കും താമസ ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തിരുന്നത്. ഇവരെ ഷാര്‍ജ പബ്ലിക് പ്രോസിക്യുഷന് കൈമാറി.