Categories

ലോട്ടറിക്കച്ചവടം നടത്താന്‍ സാന്റിയാഗോ മാര്‍ട്ടിന് വീണ്ടും ലൈസന്‍സ്

santiago-martin

തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പനയിലൂടെ കോടികള്‍ തട്ടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് പുറത്താക്കിയ സാന്റിയാഗോ മാര്‍ട്ടിന് വീണ്ടും ലോട്ടറിക്കച്ചവടം നടത്താന്‍ ലൈസന്‍സ്.

കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

കേസുകളില്‍ കുടുങ്ങിയിരുന്ന മാര്‍ട്ടിന്‍ അടുത്തിടെയാണ് വീണ്ടും സജീവമായത്. നാഗാലാന്റ് ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടറും വിതരണക്കാരനുമായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്മിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നാഗാ സൂപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് കരാര്‍ നേടിയത്. മാര്‍ട്ടിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി ഇതിന്റെ ഡയറക്ടര്‍മാരാണെന്ന് സൂചനയുണ്ട്.

ഇതിലൊരാളുടെ അപേക്ഷ പ്രകാരം കഴിഞ്ഞ മാസം പത്തിനാണ് പാലക്കാട് നഗരസഭ പേപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് ട്രേഡ് ലൈസന്‍സ് നല്‍കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് കാലാവധി.

ലിമ റോസിന്റെ പേരിലുള്ള കെട്ടിടം രണ്ട് മാസത്തേയ്ക്ക് ഫ്യൂച്ചര്‍ ഗെയ്മിങ് എന്ന സ്ഥാപനം വാടകയ്‌ക്കെടുത്തു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സിക്കിം, ഭൂട്ടാന്‍ വ്യാജലോട്ടറി റെയ്ഡിനായി പൊലീസ് തയ്യാറെടുത്തപ്പോള്‍ ദുരൂഹസാഹചര്യത്തില്‍ തീപിടുത്തമുണ്ടായി കോടികളുടെ ടിക്കറ്റുകള്‍ കത്തി നശിച്ചത് ഇതേ കെട്ടിടത്തിലാണ്.

ലൈസന്‍സ് ലഭിച്ച് അടുത്ത ദിവസം തന്നെ രജിസ്‌ട്രേഷന് വേണ്ടി പാലക്കാട് നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി.
ലൈസന്‍സും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ വന്നതോടെ സ്പീഡ് പോസ്റ്റില്‍ അയച്ചു.

മറുപടി ലഭിക്കാതെ വന്നതോടെ രജിസ്‌ട്രേഷനും മുന്‍കൂര്‍ നികുതിയടയ്ക്കാനുമായി മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

മാര്‍ട്ടിനും കൂട്ടര്‍ക്കുമെതിരെ കഴിഞ്ഞ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത പല കേസുകളും സി.ബി.ഐ അടുത്തിടെ തള്ളിയിരുന്നു. 23 കേസുകള്‍ ഇത്തരത്തില്‍ അവസാനിപ്പിച്ചതിന് ശേഷമാണ് സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Tagged with: