തിരുവനന്തപുരം: സംസ്ഥാനത്തെ 32  ലോട്ടറിക്കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സി.ബി.ഐ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണം ആവശ്യപ്പെട്ടുള്ള കേന്ദ്ര സഹമന്ത്രി വി നാരായണസ്വാമിയുടെ കത്ത് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന അടിയന്തിരയോഗത്തില്‍ ആഭ്യന്തര, നികുതി, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ധനകാര്യ-നിയമമന്ത്രി കെ എം മാണിയുടെയും അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം വിജ്ഞാപനമിറങ്ങിയത്.

കേരളത്തില്‍ നിന്ന് 80,000 കോടി രൂപ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് ലോട്ടറി മാഫിയ കടത്തിയെന്നു വിലപിച്ചിരുന്ന വി.എസ് ഇതിനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്‍.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കേന്ദ്രത്തിനു കത്ത് അയയ്ക്കുകയും തുടര്‍ന്നു കേന്ദ്രം സി.ബി.ഐ അന്വേഷണത്തിനു നടപടിയെടുക്കുന്നില്ലെന്നു കുറ്റപ്പെടുത്തുകയുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ചെയ്തത്. നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന കാര്യം പല തവണ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടും വിഎസ് സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ല.

അതേസമയം, സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ എതിര്‍പ്പു മൂലമാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്നു പറയുന്നു.