കൊച്ചി: ലോട്ടറിക്കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായി. അഡ്വക്കേറ്റ് പി എസ് രാമനാണ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

തമിഴ്‌നാട് സര്‍ക്കാറിന്റെ കേസ് അല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ തടസമില്ലെന്ന് എ ജി വ്യക്തമാക്കി. അതിനിടെ സംസ്ഥാന സര്‍ക്കാറിന് വേണ്ടി എ എല്‍ നാഗേശ്വര്‍ റാവു കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് മനു സിംഗ്‌വിയായിരുന്നു നേരത്തേ മേഘയ്ക്ക് വേണ്ടി ഹാജരായത്. വിവാദങ്ങളെത്തുടര്‍ന്ന് സിംഗ്‌വി പിന്‍മാറുകയായിരുന്നു.

ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ ഔദ്യോഗിക പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണോയെന്ന് സംശയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി കോടതിയില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വരറാവു അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തോട് മേഘ സഹകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.