തിരുവനന്തപുരം: ലോട്ടറിക്കേസില്‍ ഐ ജി സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ്. മാര്‍ട്ടിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴിയും അതിലെ വൈരുദ്ധ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഓഫീസ് വ്യക്തമാക്കി.

നേരത്തേ ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന നിയമ ലംഘനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന 2006ലെ 16 പേജുളള വിജിലന്‍സ് റിപ്പോര്‍ട്ട് 2010 ല്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ നാല് പേജായി ചുരുങ്ങിയെന്നതാണ് പ്രധാന ആരോപണം.

Subscribe Us:

വിജിലന്‍സ് ഡി വൈ എസ് പി തയ്യാറാക്കിയ റിപ്പോര്‍ട്ടിനുപകരം എസ് പി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതിനിടെ വ്യാജലോട്ടറി വിറ്റുവെന്ന ആരോപണത്തിന് തെളിവുലഭിച്ചാല്‍ സാന്റിയാഗോ മാര്‍ട്ടിനേയും ജോണ്‍ കെന്നഡിയേയും അറസ്റ്റുചെയ്യുമെന്ന് ഐ ജി ജേക്കബ് പുന്നൂസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതിനായി സുപ്രീംകോടതിയുടെ അനുമതി വേണം തെളിവുകള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയശേഷം അറസ്റ്റിനുള്ള നടപടികളുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഒരുമാസത്തിനുള്ളില്‍ വീണ്ടും ചേരുമെന്നും സിബി മാത്യൂസ് പറഞ്ഞു.