തിരുവനന്തപുരം: ലോട്ടറി കേസുകളുടെ മേല്‍നോട്ട ചുമതല മുഖ്യമന്ത്രി വി.എസ് അ്ച്യുതാനന്ദന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ നാളെ മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന ഉന്നതതലയോഗത്തിന് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.

സി.പി.എം മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ. തോമസ് ഐസക്, എം. വിജയകുമാര്‍ എന്നിവര്‍ അവരവരുടെ വകുപ്പുകളുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഈ യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്, നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്‍, വാണിജ്യനികുതി കമ്മിഷണര്‍ ബി. സുമന്‍, ലോട്ടറി ഡയറക്ടര്‍ ബിജുപ്രഭാകരന്‍, നിയമ സെക്രട്ടറി കെ. ശശിധരന്‍ നായര്‍, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ പി.വി. ദിനേശ് എന്നിവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe Us:

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ശക്തമായ നിയമയുദ്ധം തുടരുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. നേരത്തേ എടുത്ത എഫ്.ഐ. ആര്‍ അനുസരിച്ച് തുടര്‍ നടപടികള്‍ ആവാമെങ്കിലും അറസ്റ്റ് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നിയമമന്ത്രി, സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, സുപ്രീംകോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍, ഇതുസംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാനം വീണ്ടും ഇടപെടുന്നതിന്റെ സാദ്ധ്യതകള്‍ ആരായാനിടയുണ്ട്.