കൊച്ചി: ഭൂട്ടാന്‍ ലോട്ടറി കേസില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലുകളില്‍ വിധി പറയുന്നതാണ് ഹൈക്കോടതി മാറ്റിവെച്ചത്. കേസില്‍ ഇന്ന് അന്തിമ വാദം പൂര്‍ത്തിയായി.

ആഴ്ചയില്‍ ഒരു നറുക്കെടുപ്പുമാത്രമേ പാടുള്ളൂവെന്ന വിധിക്കെതിരെ മേഘയും ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രമോട്ടറാണ് മേഘയെന്ന വിധിക്കെതിരെ സര്‍ക്കാറും സമര്‍പ്പിച്ച അപ്പീലുകളിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും പി.ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നതിനായി മാറ്റിയത്.

കേസില്‍ സര്‍ക്കാരിന്റെയും മേഘയുടെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. മേഘയ്ക്കുവേണ്ടി തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ ഹാജരായതിന്റെ ഭരണഘടനാ സാധുതയിന്മേലുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്.