Categories

‘ദിലീപേട്ടന്‍ ഒന്ന് മനസ് വെച്ചാല്‍ മതി, നീയൊക്കെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും’: സ്ത്രീവിരുദ്ധ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

 


നടി ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ലൂസേഴ്‌സ് മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വിവാദമാകുന്നു. ‘ദിലീപേട്ടന്‍ ഒന്ന് മനസുവെച്ചാല്‍ മതി മക്കളെ.. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ്‍ പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും’ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

വിമര്‍ശനം ശക്തമായതോടെ ലൂസേഴ്‌സ് മീഡിയ പ്രസ്തുത പോസ്റ്റ് പിന്‍വലിച്ച് ഖേദംപ്രകടിപ്പിച്ചു. അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ ഇട്ട പോസ്റ്റായിരുന്നെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഇത് പിന്‍വലിക്കുന്നുവെന്നും പറഞ്ഞാണ് ഈ പോസ്റ്റ് പിന്‍വലിച്ചത്.

‘എട്ടനെതിരെ സംസാരിച്ച ഫെമിനിച്ഛികള്‍ ഓര്‍ത്താല്‍ നല്ലത്.. യഥാര്‍ത്ഥ കൊട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേയുള്ളൂ.. ദിലീപേട്ടന്‍ ഒന്ന് മനസുവെച്ചാ മതി മക്കളെ.. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ് പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും..’ എന്ന പോസ്റ്റാണ് വിവാദമായത്. ‘തിരിച്ചുവന്നെന്ന് പറഞ്ഞെക്ക്.. എങ്ങനെ പോയാ, അതിലും മാസ് ആയിട്ട് തന്നെ’ എന്ന് ദിലീപ് ഫാന്‍സ് ക്ലബിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇങ്ങനെയൊരു കുറിപ്പിട്ടത്.

പ്രസ്തുത പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗവും നടിയുമായ സജിതാ മഠത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ‘സ്ത്രീവിരുദ്ധതയുടെ ആരവങ്ങള്‍ ഇതുപോലെ ഉള്ള പോസ്റ്റുകള്‍ ആയി മാറുമ്പോള്‍ ഇവിടെ സ്ത്രീയായി ജീവിക്കുക അത്ര എളുപ്പമല്ല! കഷ്ടം’ എന്നു പറഞ്ഞുകൊണ്ടാണ് സജിതാ മഠത്തില്‍ ഇതിനെതിരെ രംഗത്തുവന്നത്.

സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം കടുത്തതോടെയാണ് ലൂസേഴ്‌സ് മീഡിയ പോസ്റ്റ് പിന്‍വലിച്ചത്.


Also Read: കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനം: അരുണ്‍ ഷൂരി


‘കുറച്ചു മണിക്കൂര്‍ മുന്നേ ഇട്ട ആ പോസ്റ്റ് ഞങ്ങള്‍ പിന്‍വലിച്ചത് തെറ്റ് മനസ്സില്‍ ആയത് കൊണ്ടാണ്. ഞങ്ങള്‍ stringz media nd losers media Hcp entertainment എന്ന നിലയില്‍ ആരംഭിച്ച ഒരു പ്ലാറ്‌ഫോം ആണ്.. ഇത് മാനേജ് ചെയ്യുന്നത് പോസ്റ്റ് ഇട്ട വിഷ്ണുവും പേജ് അഡ്മിന്‍ അയ കിരണ്‍.. അഭിത് എന്നിവര്‍ ആണ് ഉള്ളത്. പെട്ടന്ന് ഒരു തമാശ എന്ന അര്‍ത്ഥത്തില്‍ ഒരുപാട് ആള്‍ക്കാരെ വേദനിപ്പിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഇട്ടതില്‍ ഞങ്ങള്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു.

അത് ഞങ്ങളുടെ അഡ്മിന്‍ വിഷ്ണു സര്‍ക്കാസം എന്ന നിലയ്ക്ക് ഇട്ട പോസ്റ്റ് ആയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സില്‍ ആയതിനാല്‍ അവനെ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. എല്ലാരോടും മാപ്പ്… തെറ്റിദ്ധരിപ്പിച്ചതില്‍ . തിരുത്താന്‍ ആകാത്ത ഒരു കൈ അബദ്ധം ആയി പോയി.. ഇനി ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്നതോ തരം താഴ്ത്തി കെട്ടുന്നതോ ആയ രീതിയില്‍ ഞങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സംഭവങ്ങളും ഉണ്ടാകില്ല എന്ന് വാക്ക് തരുന്നു.. എല്ലാരോടും മാപ്പ്..’ എന്നാണ് ലൂസേഴ്‌സ് മീഡിയയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നത്.

Tagged with: