തിരുവനന്തപുരം സംസ്ഥാനത്തെ ഒരു വിഭാഗം ടാങ്കര്‍ ലോറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡീസല്‍, വൈദ്യുതി പദ്ധതികള്‍ക്കു വേണ്ടിയുള്ള ലോ സള്‍ഫര്‍ കൈകാര്യം ചെയ്യുന്ന ടാങ്കര്‍ ലോറി ഉടമകളാണു സമരം നടത്തുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 350 ഓളം ലോറികളാണ് പണിമുടക്കുന്നത്.

രണ്ടു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വാടക കുടിശിക ആവശ്യപ്പെട്ടാണു സമരം. ബി.പി.സി.എല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം 15 കോടി രൂപ ലഭിക്കാനുണ്ടെന്ന് ലോറി ഉടമകള്‍ പറഞ്ഞു.

ലോറി സമരം തുടങ്ങിയത് വൈദ്യുതക്ഷാമത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മൂലമറ്റം പവ്വര്‍ഹൗസിലുണ്ടായ അപകടത്തെത്തുടര്‍ന്ന് മലബാര്‍ മേഖലയിലെ വൈദ്യുതി വിതരണം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോറികള്‍ പണിമുടക്കിയാല്‍ അത് വൈദ്യുതി വിതരണം തടസ്സപ്പെടാനിടയാക്കും.