കോഴിക്കോട്: ഇന്ന് മുതല്‍ സംസ്ഥാനത്തെ ലോറിവാടക 16 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാപാരികളും ലോറിഉടമ, തൊഴിലാളി, ഏജന്റ് സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വാടക കൂട്ടാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്.

Ads By Google

30 ശതമാനം വാടകവര്‍ധനയാണ് ലോറി ഉടമകള്‍ ആവശ്യപ്പെട്ടത്. രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയാണ് ഒടുവില്‍ 16 ശതമാനമാക്കി കുറച്ചത്. ഇതോടെ ലോറിഉടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു.

ദേശീയതലത്തില്‍ ലോറിസമരം പ്രഖ്യാപിച്ചതിനാല്‍ സമരമുള്ള ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. അന്യസംസ്ഥാനലോറികളുടെ വാടക കൂടി കൂട്ടുന്നതോടെ അരി, പച്ചക്കറി, മത്സ്യം തുടങ്ങി അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാനിടയുണ്ട്.

മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ലോറി ഡ്രൈവേഴ്‌സ്‌ യൂണിയന്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.