എഡിറ്റര്‍
എഡിറ്റര്‍
ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ചാല്‍ ബി.ജെ.പിയെ ശ്രീരാമന്‍ ശിക്ഷിക്കുമെന്ന് ലാലു പ്രസാദ് യാദവ്
എഡിറ്റര്‍
Friday 20th October 2017 8:05am

ന്യൂദല്‍ഹി: ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിച്ചാല്‍ ബി.ജെ.പിയെ ദൈവം ശിക്ഷിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരും യോഗി ആദ്യത്യനാഥും മതത്തിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാര്‍ത്ഥിക്കാനും ആഗ്രഹമുണ്ട്. പക്ഷെ ബി.ജെ.പി നേതാക്കള്‍, പ്രത്യേകിച്ച് യോഗി ആദ്യത്യനാഥ് രാഷ്ട്രീയ നാടകം കളിക്കുകയാണ്. മതത്തിന്റെ പേരിലുള്ള ഈ കളി ജനങ്ങള്‍ തിരിച്ചറിയുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

നോട്ടുനിരോധനം കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ നിലനില്‍പിനായി പാടുപെടുകയാണ്. രാമഭഗവാന്‍ ഈ രാജ്യത്തെ ജനങ്ങളുടെ മനസിലാണ് കഴിയുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ദൈവം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നശിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പുറമെ രാമപ്രതിമ, രാമായണ മ്യൂസിയം തുടങ്ങിയവ നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ദീപാവലി ആഘോഷവേളയില്‍ അയോധ്യയില്‍ വലിയ ആഘോഷപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.

യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അയോധ്യയിലേക്ക് രാമക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാനില്‍ നിന്നും കല്ലുകള്‍ എത്തിക്കുന്നതും ആരംഭിച്ചിരുന്നു. നേരത്തെ ബി.ജെ.പി സര്‍ക്കാരുകളല്ലാത്ത സമയത്ത് ഇത് മുടങ്ങിനില്‍ക്കുകയായിരുന്നു.

അയോധ്യ, ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡുകള്‍ ഒന്നാക്കുകയും ‘അയോധ്യ നഗര്‍ നിഗം’ എന്ന പേരില്‍ പുതിയത് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇവിടേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും.

ഇതിനെല്ലാം പുറമെ അയോധ്യയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ്, രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്ക് ശ്രാദ്ധ സേതു എക്‌സ്പ്രസ് ട്രെയിന്‍, അയോധ്യ- ജനക്പൂര്‍ പാത തുടങ്ങിയവയും പ്രഖ്യാപിച്ചിരുന്നു.

Advertisement