എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: എട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
എഡിറ്റര്‍
Friday 11th May 2012 4:47pm

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊടി സുനി, റഫീഖ് എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

മുഖ്യപ്രതികളെന്ന് സംശയിക്കുന്ന കൊടി സുനിക്കും റഫീഖിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. എല്ലാ എയര്‍പോര്‍ട്ടുകളിലും ഇവരുടെ ഫോട്ടോ പതിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരച്ചില്‍ അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

തെളിവുശേഖരണത്തിന്റെ ഭാഗമായി മാഹിയിലും പരസരപ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും ചേര്‍ന്ന് തിരച്ചില്‍ നടത്തി.

കൊടി സുനി, റഫീഖ് എന്നിവരുള്‍പ്പെടെ 12 പേരുടെ പ്രതിപ്പട്ടിക അന്വേഷണ സംഘം കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. കൂടാതെ ഇവരുമായി ബന്ധപ്പെട്ട മാഹി വടകര മേഖലകളിലെ മറ്റ് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതിനിടെ ചന്ദ്രശേഖരനെ വധിച്ചത് മൂന്ന് പേര്‍ ചേര്‍ന്നാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പി. രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോവ കാറിലാണ് സംഘമെത്തിയത്. അക്രമികള്‍ വന്ന കാറില്‍ നിന്ന് പുറത്തിറങ്ങിയത് മൂന്ന് പേര്‍ മാത്രമായിരുന്നു. ഒരാളുടെ കൈവശം വാള്‍, ഉയരംകൂടിയ മറ്റൊരാളുടെ  കൈവശം പട്ടിക എന്നിവയുണ്ടായിരുന്നു.  തൊട്ടുപിന്നിലെ ആളുടെ കൈവശവും ആയുധമുണ്ടായിരുന്നു. അത് എന്തെന്ന് വ്യക്തമല്ല. അക്രമം മൂന്ന് മിനിറ്റേ നീണ്ടു നിന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisement