എഡിറ്റര്‍
എഡിറ്റര്‍
തരുണ്‍ തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ്
എഡിറ്റര്‍
Monday 25th November 2013 11:39am

tharun-thejpal

ദില്ലി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രാജ്യം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനിടെ ദില്ലി കോടതിയില്‍ തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തേജ്പാലിന്റെ അപേക്ഷ നാളെ ദില്ലി കോടതി പരിഗണിക്കും.

അന്വേഷണവുമായി തേജ്പാലും തെഹല്‍ക്കയും സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസിന് പരാതിയുണ്ട്. ഇതുവരെ രേഖാമൂലം പരാതി സമര്‍പ്പിക്കാത്ത മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്താന്‍ മുംബൈ കോടതിയെയാണ് ഗോവ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയുടെ നേരിട്ടുള്ള പരാതി ലഭിച്ചാല്‍ മാത്രമേ പോലീസിന് തേജ്പാലിനെതിരെ നടപടിയെടുക്കാന്‍ കഴിയൂ. നിലവില്‍ മാധ്യമറിപ്പോര്‍ട്ടുകളുടെയും ദേശീയവനിതാ കമ്മീഷന്റെയും അടിസ്ഥാനത്തിലാണ് തേജ്പാലിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം  കേസ് ഗോവയില്‍ നിന്നും കൈമാറ്റം ചെയ്യാന്‍ തേജ്പാല്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഗോവയില്‍ തനിക്ക് ന്യായമായ നീതി ലഭിക്കില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

ഇതിനിടെ തെഹല്‍കയിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് തേജ്പാലിനെ ചോദ്യം ചെയ്യാതെ മടങ്ങിയിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് അവശ്യമായ സംരക്ഷണം നല്‍കാന്‍ മുംബൈ പോലീസിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തേജ്പാലിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക തെഹല്‍ക്കയില്‍ നിന്നും ജോലി രാജി വച്ചു. തെഹല്‍ക്കയില്‍ തനിക്കിനി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് രാജി നല്‍കിയത്.

Advertisement