ലണ്ടന്‍: കഴിഞ്ഞ ദിവസം ലണ്ടനിലുണ്ടായ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. നിരവധി കടകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇതിനിടെ കലാപത്തിന്റെ മറവില്‍ നഗരത്തില്‍ പൊതുമുതല്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങിയതോടെ പോലീസ് കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 215 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 35 ഓഫീസര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നേരത്തെ കലാപത്തെ പോലീസ് അടിച്ചമര്‍ത്തിയിരുന്നെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പലര്‍ക്കും വീടിനുള്ളില്‍ കഴിയേണ്ട അവസ്ഥയാണ്. ദൃക്‌സാക്ഷികളുടെയും സിസിടിവിയുടെയും സഹായത്തോടെ കൂടുതല്‍ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെയ്പില്‍ 29 കാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രകടനം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണമായത്.