ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണം. ലണ്ടനില്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദികള്‍ വാന്‍ ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിര്‍ത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.


Dont  Miss അന്‍വര്‍ സാദത്ത് എം.എല്‍.എയെ ക്ഷണിച്ചില്ല; കൊച്ചി സോളാര്‍ മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചു


20ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണു വിവരം. കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്.

പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്.

ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടന്നുവരുകയാണ്. അക്രമികളില്‍ രണ്ട് പേരെ ലണ്ടന്‍ ബ്രിഡ്ജില്‍ വച്ച് തന്നെ വെടിവെച്ചുകൊന്നതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രഡ്ജ് താത്കാലികമായി അടച്ചു.
ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. 20 പേര്‍ ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷനിലെ അന്ദാസ് ഹോട്ടലില്‍ പ്രാഥമിക ചികിത്സ നല്‍കി.

രണ്ട് ആക്രമണങ്ങളും തീവ്രവാദികള്‍ നടത്തിയതാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ലണ്ടന്‍ ബ്രിഡ്ജ് ഒരു രാത്രി മുഴുവന്‍ ഒഴിപ്പിച്ചിടുമെന്ന് ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറിയിച്ചു. ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനും അടച്ചിട്ടു.

പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികള്‍ വിലയിരുത്തി. എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തല്‍.

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പാണ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്.