ലണ്ടന്‍: ലണ്ടനില്‍ പോലീസ് വെടിവയ്പ്പില്‍ കറുത്തവര്‍ഗക്കാരനായ യുവാവ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക വ്യാപിക്കുന്നു. കലാപം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്ററി സമ്മേളനം വിളിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

450 പേര കലാപവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമം തുടരുകയാണെങ്കില്‍ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ അവധിക്കാലം ചിലവഴിക്കാനായി പോയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് സന്ദര്‍ശനം വെട്ടിചുരുക്കി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് വ്യാഴാഴ്ച പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കാന്‍ തീരുമാനമായത്.

ശനിയാഴ്ച ടോട്ടന്‍ഹാമില്‍ നടന്ന സമാധാമപരമായ പ്രകടനത്തിനിടെ പോലീസിന്റെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരനായ ഒരു യുവാവ് മരിച്ചതിനെതുടര്‍ന്നാണ് കലാപം പൊട്ടിപുറപ്പെട്ടത്. തുടര്‍ന്ന് നഗരത്തിലെ കടകള്‍ കൊള്ളയടിച്ച അക്രമികള്‍ ഒട്ടേറെ കടകള്‍ക്ക് തീയിട്ടു. പ്രക്ഷോഭകാരികള്‍ പോലീസുമായും ഏറ്റ്മുട്ടി.

നാലാം ദിവസം കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ലിവര്‍പൂള്‍, ബര്‍മിങ്ഹാം, ബ്രിസ്റ്റണ്‍,ഹാക്ക്‌നി, പെക്ഹാം, ക്രോയ്‌ഡോണ്‍, ഡെപ്റ്റ്‌ഫോര്‍ഡ്, ക്ലാപ്ഹാം, ലീയിഷാം, വൂള്‍വിച്ച്, ഈലിങ് എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ഇതിനിടയിലാണ് വുഡ്ഗ്രീന്‍, എന്‍ഫീല്‍ഡ്, ബ്രിക്സ്റ്റണ്‍, വാല്‍താംസ്റ്റോം, വാല്‍താംസ്റ്റാംഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കൂടി കലാപം വ്യാപിച്ചത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള കലാപകാരികള്‍ വടികളും കല്ലുകളുമായി നിരത്തിലിറങ്ങിയാണ് വ്യാപക അക്രമങ്ങള്‍ അഴിച്ച വിടുന്നത്. നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി. അക്രമം ഭയന്ന് കെട്ടിടങ്ങള്‍ ഒഴിഞ്ഞ് പോകുന്നവരും നിരവധിയാണ്. കലാപം അടിച്ചൊതുക്കാന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അടുത്തവര്‍ഷം ഒളിംപിക്‌സ് നടക്കാനിരിക്കെ ഇത്തരം സംഭവങ്ങള്‍ ലണ്ടനിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംശയത്തിനിടയാക്കിയിട്ടുണ്ട്.

ഗവണ്‍മെന്റിന്റെ സാമ്പത്തിക നയവും തൊഴിലില്ലായ്മയുമാണ് ജനങ്ങളെ കലാപത്തിലേക്ക് നയിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വികസിത മുഖംമൂടിക്കുള്ളില്‍ ബ്രട്ടീഷ് ജനതക്കുള്ളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വംശീയ വിവേചനമാണ് കലാപത്തിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.