എഡിറ്റര്‍
എഡിറ്റര്‍
ഭാഗ്യം തുണച്ചു, സൈനക്ക് വെങ്കലം
എഡിറ്റര്‍
Sunday 5th August 2012 9:44am

ലണ്ടന്‍: ഒളിമ്പിക് ബാഡ്മിന്റണില്‍ സൈനയെ ഭാഗ്യം തുണച്ചു. ലൂസേഴ്‌സ് ഫൈനലില്‍ സൈനയുടെ എതിരാളിയും രണ്ടാം സീഡുമായ ചൈനയുടെ ഷെന്‍ വാങ് പരുക്കേറ്റു പിന്‍മാറിയതിനെത്തുടര്‍ന്നാണ് സൈനയുടെ വെങ്കലനേട്ടം. ആദ്യ ഗെയിം 18.21 ന് സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഷെന്‍ വാങ്ങിന്റെ പിന്മാറ്റം.

Ads By Google

ഭാഗ്യത്തിന്റെ തുണയോടെയാണെങ്കിലും ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഇതോടെ രണ്ട് വെങ്കലവും ഒരു വെള്ളിയുമുള്‍പ്പെടെ ഇന്ത്യ മൂന്ന് മെഡല്‍ നേടി.

ഒന്നാം ഗെയിമില്‍ 20-18 ന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ബാക്ക് കോര്‍ട്ടിലേക്ക് തൊടുത്ത ഒരു വോളി ചാടി ഡ്രോപ്പ് ഷോട്ടിലൂടെ മടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു വാങ്ങിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റത്. ഈ സമയത്ത് സൈന തിരിച്ചു വരവ് നടത്തിയെങ്കിലും വാങ് 21-18 ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു.

ഗെയിമിന്റെ തുടക്കത്തില്‍ സൈനയുടെ പ്രകടനം മികച്ചതായിരുന്നു. 5-2 ലീഡ് നേടിയ സൈന പിന്നീട് വരുത്തിയ പിഴവുകള്‍ വാങ്ങിനെ ഒപ്പമെത്തിക്കുകയായിരുന്നു. 7-14 ന് വാങ് ലീഡ് നേടിയെങ്കിലും നീണ്ട റാലികള്‍ താരത്തെ ക്ഷീണിപ്പിച്ചിരുന്നു. 15-20 ല്‍ ഗെയിം പോയിന്റിലെത്തിയ വാങ്ങിന്റെ സര്‍വ്വ് ഭേദിച്ച സൈന 18-20 ആയി ലീഡ് കുറക്കുകയും ചെയ്തു.

തന്റെ കരിയറിലാദ്യമായാണ് ഇങ്ങനെയൊരു മത്സരം വിജിയിക്കുന്നതെന്നായിരുന്നു സൈനയുടെ പ്രതികരണം. കളി തീര്‍ന്നുവെന്നും താന്‍ മെഡല്‍ നേടിയിരിക്കുന്നുവെന്നും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും സൈന പറഞ്ഞു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ കായികതാരമെന്ന നേട്ടവും ഇതോടെ സൈനക്ക് സ്വന്തമായി. 2000 ല്‍ ഭാരോദ്വഹനത്തില്‍ കര്‍ണ്ണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

Advertisement