ലണ്ടന്‍: ഒളിമ്പിക്‌സ് ഗുസ്തിയില്‍ തിളങ്ങാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ നിരാശ സമ്മാനിച്ചു. ഇന്നലെ മത്സരിച്ച അമിത്തും നര്‍സിങ് പഞ്ചം യാദവും നേട്ടമുണ്ടാക്കാനാകാതെ പുറത്തായി. പുരുഷന്മാരുടെ 55 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ റെപ്പഷാജ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ ബള്‍ഗേറിയയുടെ റാഡോസ്ലാവ് മാറിനോവ് വെലികോവാണ് അമിത്തിനെ തോല്‍പിച്ചത് (3-0).

Ads By Google

കരുത്തനായ എതിരാളിക്ക് ഒപ്പത്തിനൊപ്പം പൊരുതിയ അമിത്തിനെ എക്‌സ്ട്രാ ടൈമിലെ നറുക്കെടുപ്പാണ് ചതിച്ചത്. പന്തിന്റെ തിരഞ്ഞെടുപ്പില്‍ രണ്ടുതവണയും ലെഗ് ഗ്രാബിനുള്ള അവസരം ലഭിച്ചത് വെലികോവിന്. ആദ്യ പിരിയഡില്‍ കഷ്ടിച്ച് ഒരു ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കിയ വെലികോവ് രണ്ടാം പീരിയഡില്‍ അമിത്തിനെ ശരിക്കും മലര്‍ത്തിയടിച്ചു.

ഏഷ്യന്‍ ചാമ്പ്യനായ ഇറാന്‍കാരന്‍ റഹീമി ഹസനെയാണ് അമിത്ത് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. അതേസമയം പുരുഷന്മാരുടെ 74 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ നര്‍സിങ് പഞ്ചം യാദവ് പുറത്തായി. കാനഡയുടെ മാത്യു ജുഡ ജെന്‍ട്രിയാണ് നര്‍സിങ്ങിനെ വീഴ്ത്തിയത്. (3-1)