ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് ബോക്‌സിങ് റഫറിമാരായി ഇന്ത്യയില്‍നിന്നും രണ്ടുപേര്‍ പോകുന്നു. കിഷന്‍ നര്‍സി, ജയ് കോവ്‌ലി എന്നിവരെയാണു റഫറിമാരായി രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ തിരഞ്ഞെടുത്തത്.

ബോക്‌സിംഗ് മത്സരങ്ങളില്‍ ഇത്തവണ എട്ടുപേരാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഏഴുപേര്‍ പുരുഷന്മാരും ഒരു വനിതയുമാണ് ഉള്ളത്.  ഒളിംപിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്, അഞ്ചുതവണ ലോക ചാംപ്യനായിട്ടുള്ള മേരികോം തുടങ്ങിയ താരങ്ങളും ഇവരോടൊപ്പമുണ്ട്.

ബോക്‌സിങ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ നര്‍സിയുടെ നാലാം ഒളിംപിക്‌സാണിത്. 1984 ലൊസാഞ്ചല്‍സ്, 1988 സോള്‍, 1992 ബാര്‍സിലോന ഒളിംപിക്‌സുകളില്‍ നര്‍സി റഫറിയും ജഡ്ജുമായിരുന്നു.

ഇതിനുപുറമേ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ പ്രധാന മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.