ലണ്ടന്‍: ബ്രിട്ടനിലെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്ക് (എല്‍.എം.യു.) വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നല്കിയിരുന്ന അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് ഇന്ത്യക്കാരുള്‍പ്പെടെ 2,600 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

Ads By Google

60 ദിവസത്തിനകം വേറെ സര്‍വകലാശാലയില്‍ പ്രവേശനം നേടാനായില്ലെങ്കില്‍ ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കും. വിദ്യാര്‍ത്ഥി വിസ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂണിവേഴ്‌സിറ്റിയുടെ അനുമതി റദ്ദാക്കിയത്.

സെപ്റ്റംബറില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഇന്ത്യയില്‍ നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനായി അവസരം തേടിയത്. വിദേശ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പേരുകേട്ട യൂണിവേഴ്‌സിറ്റിയാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി.

നിലവില്‍ ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റിടങ്ങളില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് ചട്ടം. അടുത്തമാസം തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തേക്ക് അവസരം ലഭിച്ചവര്‍ വിസ റദ്ദ്‌ ചെയ്യേണ്ടിവരും.