എഡിറ്റര്‍
എഡിറ്റര്‍
നീന്തല്‍ക്കുളത്തിനോട് വിടപറഞ്ഞ് ഫെല്‍പ്‌സ്
എഡിറ്റര്‍
Sunday 5th August 2012 3:09pm

ലണ്ടന്‍: അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് സ്വര്‍ണത്തിളക്കമുള്ള വിടവാങ്ങല്‍. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണമടക്കം അഞ്ച് മെഡലുകള്‍ നേടിയ ഫെല്‍പ്‌സ് തന്നെ ലോകത്തിന്റെ നെറുകയിലെത്തിച്ച നീന്തല്‍ക്കുളത്തോട് വിടപറയുകയാണ്.

Ads By Google

ഒളിമ്പിക്‌സിന് ശേഷം താന്‍ പൂര്‍ണമായും നീന്തല്‍ക്കുളത്തോട് വിടപറയുമെന്ന ഫെല്‍പ്‌സിന്റെ പ്രഖ്യാപനം ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി പങ്കെടുത്ത് ഒളിമ്പിക്‌സില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് ഫെല്‍പ്‌സിന്റെ മടക്കയാത്ര. 18സ്വര്‍ണം ഉള്‍പ്പെടെ 22മെഡലുകളാണ് ഒളിമ്പിക്‌സില്‍ ഈ 27 കാരന്റെ  പേരിലുള്ളത്.

‘ ഞാനാഗ്രഹിച്ചതെല്ലാം നേടാന്‍ എനിക്കായി. ഇനി എന്റെ കരിയറുമായി മുന്നോട്ട് പോകാനാഗ്രഹിക്കുന്നില്ല. ഇനി മറ്റ് കാര്യങ്ങള്‍ക്ക് ചെയ്യും’ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഫെല്‍പ്‌സ് പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷം താന്‍ കണ്ടുമടുത്ത ഹോട്ടലുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കുമപ്പുറമുള്ള ലോകങ്ങളിലേക്ക് യാത്ര ചെയ്യണം. ആസ്‌ത്രേലിയ, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കൂടുതലിഷ്ടമെന്നും ഫെല്‍പ്‌സ് വെളിപ്പെടുത്തി.

‘ ലോകത്തെ മനോഹരമായ പലസ്ഥലങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ അവയൊന്നും ശരിക്കും അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല’ അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സ് നേട്ടത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ ഫെല്‍പ്‌സ് ഇനി ക്ലബ് മത്സരത്തില്‍ പോലും പങ്കെടുക്കാനാഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.

19ാം വയസില്‍ 2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമായി ഫെല്‍പ്‌സ് അരങ്ങേറ്റം കുറിച്ചു.  നീന്തല്‍ക്കുളത്തില്‍ നിന്ന് ഫെല്‍പ്‌സ് അന്ന് വാരിക്കൂട്ടിയത് ആറ് സ്വര്‍ണമെഡലുകളായിരുന്നു.

പിന്നീട് നിരവധി ലോകവേദികളില്‍ ഫെല്‍പ്‌സ് വെന്നിക്കൊടി പാറിച്ചു. 2006ല്‍ പാന്‍ പെസഫിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം, 2008 ബെയ്ജിങ്ങില്‍ എട്ട് സ്വര്‍ണം, ഏഴു ലോക റെക്കോഡ്, ഒരു ഒളിമ്പിക്‌സ് റെക്കോഡ്.

ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചാണ് ഫെല്‍പ്‌സിന്റെ മടക്കം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളില്‍ മൂന്ന് ഒളിമ്പിക്‌സിലും മെഡല്‍ നിലനിര്‍ത്തുന്ന താരമെന്ന ബഹുമതിയും തന്റെ പേരിനൊപ്പം ചേര്‍ത്തു.

Advertisement