എഡിറ്റര്‍
എഡിറ്റര്‍
ക്വാര്‍ട്ടറില്‍ വീജേന്ദര്‍ തോറ്റു
എഡിറ്റര്‍
Tuesday 7th August 2012 9:13am

ലണ്ടന്‍ : ബോക്‌സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന വീജേന്ദര്‍ സിങ് ക്വാര്‍ട്ടറില്‍ തോറ്റു. ഇതോടെ പുരുഷബോക്‌സിങ്ങിലുള്ള ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയും അസ്തമിച്ചു. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗം മിഡില്‍വെയ്റ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍ ഉസ്ബക്കിസ്താന്റെ അബ്ബോസ് അറ്റോയേവിനോടാണ് വിജേന്ദര്‍ പൊരുതിത്തോറ്റത്. സ്‌കോര്‍: 13-17.

Ads By Google

ഇരുകൂട്ടരും പ്രതീക്ഷ വെച്ചുപുലര്‍ത്തിയ മത്സരത്തിന്റെ അവസാന രണ്ട് റൗണ്ടുകളില്‍ വഴങ്ങിയ ലീഡാണ് വിജേന്ദറിന് വിനയായത്. ഇരുവരും ആക്രമിക്കാന്‍ തക്കംനോക്കി സമയം തള്ളിനീക്കിയ ആദ്യ റൗണ്ട് 3-3 എന്ന സ്‌കോറില്‍ തുല്യമായാണ് പിരിഞ്ഞത്.

മനോഹരമായ ചില വലങ്കൈ പഞ്ചുകള്‍ ഈ റൗണ്ടില്‍ വിജേന്ദറിന് പോയിന്റുകള്‍ നേടിക്കൊടുത്തെങ്കിലും നേരിയ ആധിപത്യം അബ്ബോസിന് തന്നെയായിരുന്നു. രണ്ടാം റൗണ്ട് 7-5 എന്ന സ്‌കോറിലാണ്  വിജേന്ദറിന് നഷ്ടമായത്.

മൂന്നാം റൗണ്ടില്‍ എല്ലാം മറന്ന് വീജേന്ദര്‍ ആക്രമണ ശൈലി പുറത്തെടുക്കുമെന്നുകരുതിയെങ്കിലും അവിടേയും താരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ഉതിര്‍ന്ന ചില പഞ്ചുകള്‍ക്ക് പോയിന്റ് നേടിക്കൊടുക്കാനും കഴിഞ്ഞില്ല. പഞ്ചുകളൊന്നും കൃത്യമോ വേഗതയുള്ളതോ ആയിരുന്നില്ല. അബ്ബോസിന്റെ കൗണ്ടറുകളില്‍ ചിലത് അപകടകരമാവുകയും ചെയ്തു. ഈ റൗണ്ടും 7-5 എന്ന നിലയിലാണ് അബ്ബോസ് സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ വിജേന്ദറിന് വെങ്കലമെങ്കിലും ഉറപ്പാക്കാമായിരുന്നു.

Advertisement